ലോകത്തിലെ ഏറ്റവും നീളം കൂടിയ എയർകണ്ടീഷനിംങ്ങ് ചെയ്ത ജോഗിങ് പാതയുള്ള രാജ്യം ; ഗിന്നസ് റെക്കോർഡ് ഇനി കുഞ്ഞൻ ഖത്തറിന് സ്വന്തം

ദോഹ : ജോഗിങ് പാതയിൽ എയർ കണ്ടീഷനിങ്ങ് ചെയ്തുകൊണ്ട് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഖത്തർ. ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച കാൽനട-ജോഗിങ് പാത ഓപ്പൺ പാർക്കിൽ നിർമിച്ചുകൊണ്ടാണ് കുഞ്ഞൻ രാജ്യമായ ഖത്തർ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് . ഉം അൽ സമീം പാർക്കിൽ 1,143 മീറ്റർ നീളമുള്ള പാത നിർമ്മിച്ചതാണ് ലോക റെക്കോർഡ് നേടാൻ കാരണമായത്.

പാർക്കിൽ അഷ്ഗാലിന്റെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിന് സൂപ്പർവൈസറി കമ്മിറ്റി സംഘടിപ്പിച്ച മരം നടീൽ ചടങ്ങിലാണ് ഗിന്നസ് റെക്കോർഡ് വിധികർത്താവ് പ്രവീൺ പട്ടേൽ പ്രഖ്യാപനം നടത്തിയത്. വൈദ്യുതി ഉപയോഗവും താപനിലയും കുറയ്ക്കാനും കഴിയുമെന്നതാണ് നേട്ടം. കഴിഞ്ഞ വർഷം അൽ ഗരാഫ പാർക്കിൽ നിർമിച്ച 657 മീറ്റർ നീളമുള്ള ശീതീകരിച്ച കാൽനടപ്പാതയിൽ തദ്ദേശീയമായി വികസിപ്പിച്ച നൂതന കൂളിങ്, എയർകണ്ടിഷനിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

1,143 മീറ്റർ ശീതീകരിച്ച കാൽനട-ജോഗിങ് പാതയ്ക്ക് പുറമേ 1,135 മീറ്റർ സൈക്കിൾ പാത, വ്യായാമത്തിനുള്ള ഉപകരണങ്ങളോട് കൂടിയ 3 ഏരിയകൾ, 2 കളിസ്ഥലങ്ങൾ, 40 സൈക്കിൾ സ്റ്റാൻഡുകൾ, 6 ഫുഡ് കിയോസ്‌കിൾ തുടങ്ങിയ സൗകര്യങ്ങളും പാർക്കിലുണ്ട്. തണലേകാൻ 912 മരങ്ങളാണ് നട്ടിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പബ്ലിക് പാർക്കുകളിൽ കാൽനട, സൈക്കിൾ പാതകൾ നിർമിക്കുന്നത്.

ഗിന്നസ് ലോക റെക്കോർഡ് കരസ്ഥമാക്കുന്ന 5-ാമത്തെ അഷ്ഗാലിന്റെ പദ്ധതിയാണിത്. അടുത്തിടെ ലുസെയ്‌ലിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ നിർമിച്ച് അഷ്ഗാൽ ഗിന്നസ് ലോക റെക്കോർഡ് നേടിയിരുന്നു. ‌കൂടുതൽ രാജ്യക്കാരെ പങ്കെടുപ്പിച്ചുള്ള മരം നടീലിന് 2021 ലും നീളമേറിയ തുടർച്ചയായുള്ള സൈക്കിൾ പാത നിർമിച്ചതിന് 2020 ലും റോഡ് നിർമാണത്തിനായി നീളമേറിയ ഒറ്റ കോൺക്രീറ്റ് പാകിയതിന് 2019 ലുമാണ് അഷ്ഗാലിന് ഗിന്നസ് റെക്കോർഡ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *