യുജിസിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ

ഒരു രാജ്യം ഒരു പ്രവേശന പരീക്ഷ എന്ന യുജിസി നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. ഒരു രാജ്യം ഒരു മതം ഒരു സംസ്കാരമെന്ന സംഘപരിവാർ നയം വിദ്യാഭ്യാസത്തിൽ നടപ്പാക്കാനുള്ള ശ്രമമെന്ന് എസ്എഫ്ഐ ആരോപിച്ചു. നീക്കം ഏകപക്ഷീയമായി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൻഎസ്‌യു പ്രതികരിച്ചു.

സംസ്ഥാനസർവകലാശാലകളെ കൂടി ഉൾപ്പെടുത്തി സിയുഇടി വിപുലീകരിക്കാനാണ് യുജിസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഏകീകൃത പ്രവേശന പരീക്ഷയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് യുജിസി ചെയർമാൻ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്നാൽ യുജിസി നീക്കത്തെ തള്ളുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. വിദ്യാഭ്യാസത്തിൽ സംഘപരിവാർ നയം നടപ്പാക്കാനുള്ള ശ്രമമെന്ന് എസ്എഫ്ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം നിതീഷ് നാരായണൻ ആരോപിച്ചു. കോച്ചിംഗ് മാഫിയകളെ സഹായിക്കാനാണ് നീക്കമെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.

വിശദമായ ചർച്ചകൾ ഇല്ലാതെ നയപരമായ ഈ നീക്കം നടത്താനാകില്ലെന്ന് എൻഎസ്‌യുവും പ്രതികരിച്ചു. സമാന നിലപാടുള്ള സംഘടനകളെ യോജിപ്പിച്ച് പ്രതിഷേധത്തിനാണ് ഇടതു വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. നിലവിൽ കേന്ദ്ര സർവകലാശാലകളിലെ ബിരുദ ബിരുദാന്തര പ്രവേശനമാണ് സിയുഇടി വഴി നടക്കുന്നത്. ജെഎൻയു, ദില്ലി സർവകലാശാല അടക്കം പ്രധാന സർവകലാശാലകളിലേക്ക് പ്രവേശന നടപടികൾ ഈ വർഷം സിയുഇടി മാർക്ക് അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *