ലോകകപ്പ് ഫൈനൽ വേദിയെ ഇളക്കി മറിച്ച് ബോളിവുഡ് ഗായക സംഘം

 

 ദോഹ : ലോകകപ്പ് ഫൈനൽ വേദിയായ ലുസൈസിൽ നടന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ കാണാന്‍ എത്തിയത് പതിനായിരങ്ങള്‍. ലോക കപ്പ് ആവേശത്തിൽ മതിമറന്നു നിൽക്കുന്ന ആരാധക വൃന്ദങ്ങൾക്ക് ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുമായി സംഘം എത്തിയപ്പോൾ ആരാധകരും സ്വയം മറന്ന് ഒപ്പം ചേരുകയായിരുന്നു . വിഖ്യാത ഗായകരായ സുനീതി ചൗഹൻ, റാഹത് ഫതേഹ് അലിഖാന്‍, സഹോദരങ്ങളായ സലിം-സുലൈമാന്‍ എന്നിവരാണ് ആസ്വാദകര്‍ക്കായി ഗാന സന്ധ്യ ഒരുക്കിയത്.സംഗീത നിശ കാണാന്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിയത് ചെണ്ടമേളവും ബാന്‍ഡും പാട്ടും നൃത്തവും ഒക്കെയായാണ്. ഇഷ്ട ടീമുകളുടെ ജഴ്‌സി ധരിച്ചായിരുന്നു ആരാധകരുടെ വരവ്. സ്റ്റേഡിയത്തിനകത്തും പുറത്തും ആഘോഷരാവ് ഒരുക്കിയാണ് ആരാധകരും ആവേശം കൊണ്ടത്.

ലുസെയ്ല്‍ നഗരത്തിലെ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നായ ലുസെയ്ല്‍ ബൗലെവാര്‍ഡിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ദര്‍ബ് ലുസെയ്ല്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ബോളിവുഡ് സംഗീത മേള അരങ്ങേറിയത്. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ പങ്കാളിത്തത്തിലായിരുന്നു പരിപാടികള്‍. 80,000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഖത്തറിലുള്ള, ലോകകപ്പ് ടിക്കറ്റെടുത്ത അംഗീകൃത ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.

യാത്രക്കാര്‍ക്ക് സുഗമ യാത്ര ഒരുക്കാന്‍ ദോഹ മെട്രോയും സജ്ജമായിരുന്നു. ഭൂരിഭാഗം പേരും ദോഹ മെട്രോയിലാണ് സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. അധികൃതരെ സംബന്ധിച്ച് ലോകകപ്പിന് മുന്‍പായി സ്‌റ്റേഡിയത്തിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍, സ്‌റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍, പ്രവര്‍ത്തനക്ഷമത എന്നിവയുടെ അവസാന വട്ട പരിശോധന കൂടിയായിരുന്നു ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍.

Leave a Reply

Your email address will not be published. Required fields are marked *