മാനദണ്ഡമനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും ഉദ്യോഗാർഥിയുടെ പേര് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താതെ പബ്ലിക് സർവീസ് കമ്മീഷൻ. ഇടുക്കി പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റിൽ നിന്നും ഒഴിവാക്കിതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2020 മാർച്ചിൽ പിഎസ് സി നടത്തിയ എൽഡി ക്ലർക്ക് പരീക്ഷയെഴുതിയ ആളാണ് കപിൽ. മലയാളവും തമിഴും അറിയാവുന്നവർക്കുള്ള പ്രത്യേക തസ്തികക്കുള്ള പരീക്ഷയായിരുന്നു. 43.75 മാർക്കും, തമിഴിനും മലയാളത്തിനും 40% വീതം മാർക്കുമായിരുന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനുള്ള മാനദണ്ഡം.
ലിസ്റ്റിൽ ഉൾപ്പെടാതെ വന്നതോടെ കപിൽ വിവരാവകാശ നിമയ പ്രകാരം ഉത്തരക്കടലാസ് എടുത്തു. അതിൽ 52 മാർക്കുണ്ട്. മലയാളത്തിന് 44.37 ശതമാനവും തമിഴിന് 67.50% മാർക്കുമുണ്ട്. പിന്നീട് കാരണമന്വേഷിച്ച് പിഎസ് സി ചെയർമാനെ നേരിട്ടു കണ്ടു. ക്ലറിക്കൽ മിസ്റ്റേക്കാണ്, പരിശോധിക്കാം എന്ന് ഒഴുക്കൻ മറുപടി നൽകി വിട്ടയച്ചു.
കപിലിനേക്കാൾ കുറഞ്ഞ മാർക്ക് കിട്ടിയ 54 പേർ റാങ്ക് ലിസ്റ്റിലുണ്ട്. 52 മാർക്കുള്ള പട്ടികജാതിക്കാരനായ കപിലിൻറെ പേര് സപ്ലിമെൻററി ലിസ്റ്റിൽ പോലുമില്ല. ഇത് മനപൂർവ്വമാണെന്നാണ് കപിലിൻറെ ആക്ഷേപം.