ഷാരോൺ കൊലക്കേസ് തമിഴ്നാടിന് കൈമാറുന്നത് നിയമോപദേശം ലഭിച്ച ശേഷം മാത്രം: ഡിജിപി

പാറശ്ശാല ഷാരോൺ കൊലക്കേസിന്‍റെ അന്വേഷണം തമിഴ്നാടിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം നിയമോപദേശം കിട്ടിയ ശേഷം മാത്രമെന്ന് ഡിജിപി. കേസ് തമിഴ്നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

അതേസമയം, ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. തമിഴ്നാട്ടിലെ നെയ്യൂരിൽ കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. 50 ഡോളോ ഗുളികകൾ പൊടിച്ച് മാങ്ങാജ്യൂസിൽ കലര്‍ത്തിയായിരുന്നു വധശ്രമം.

എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു എന്നാണ് ഗ്രൂഷ്മയുടെ മൊഴി. കോളേജിലും ത്രിപ്പരപ്പിൽ ഇരുവരും ഒരുമിച്ച് താമസിച്ച ഹോം സ്റ്റേയിലും അടക്കം ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി കഴിഞ്ഞ ഗ്രീഷ്മയെ നാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *