കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി ടീച്ചര്‍. പൊലീസുകാര്‍ പീഡനക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് വിമര്‍ശനം. കൂട്ടബലാത്സംഗ കേസിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിടിയിലായിരുന്നു. വേലി തന്നെ വിളവ് തിന്നുന്നോ എന്ന ചോദ്യത്തോടെയാണ് പി കെ ശ്രീമതിയുടെ കുറിപ്പ്.
തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി ആര് സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് മാസം കൊച്ചി നഗരത്തില്‍ രണ്ടിടങ്ങളായി നടന്ന കൂട്ട ബലാല്‍സംഗത്തിന് പിന്നാലെ തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൃക്കാക്കര കൂട്ട ബലാത്സഗ കേസിൽ കസ്റ്റഡിയിലായ സിഐ പി.ആർ സുനു നേരത്തെ ബലാത്സംഗ കേസിൽ റിമാൻഡിലായ ആളാണെന്നാണ് ഒടുവിലെത്തുന്ന വിവരം. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. എന്നാല്‍ പൊലീസുകാരന് നേരത്തെ കേസില്‍ പ്രതിയായിരുന്നത് അറിയില്ലെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.
തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് സുനു ഉള്‍പ്പെടെയുളള ആറംഗ സംഘം തന്നെ ബലാല്‍സംഗം ചെയ്തതായി കാട്ടി തൃക്കാക്കര സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. യുവതിയുടെ ഭർത്താവ് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ ജയിലിൽ കഴിയുകയാണ്.
പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്.കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്.