ഉന്നതവിദ്യാഭ്യാസ കമ്മീഷന്‌ വിപുലമായ അധികാരങ്ങൾ നൽകാൻ കേന്ദ്ര നീക്കം

യുജിസിക്കും എഐസിടിഇക്കും  പകരമായി നിലവിൽ വരാൻ പോകുന്ന ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ കമ്മീഷന്‌ (എച്ച്‌ഇസിഐ) വിപുലമായ അധികാരങ്ങൾ നൽകാൻ കേന്ദ്ര നീക്കം. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്‌ അഞ്ചുകോടി രൂപവരെ പിഴയടക്കം കടുത്ത ശിക്ഷകൾ ചുമത്താനുള്ള അധികാരം എച്ച്‌ഇസിഐയ്‌ക്കുണ്ടാകും.

എച്ച്‌ഇസിഐയുടെ അധികാരങ്ങൾ വ്യവസ്ഥ ചെയ്‌തുള്ള കരടുബിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കി വരികയാണ്‌. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ്‌ നീക്കം. സാങ്കേതിക സ്ഥാപനങ്ങളല്ലാത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ട സമിതിയായ യുജിസിക്ക്‌ നിലവിലെ അധികാരങ്ങൾ പ്രകാരം പരമാവധി ചുമത്താവുന്ന പിഴ ആയിരം രൂപയാണ്‌. വ്യാജ സർവകലാശാലകളുടെ കാര്യത്തിൽ പോലും ആയിരം രൂപ വരെയാണ്‌ പിഴ. 1956 ലെ യുജിസി ചട്ടങ്ങൾ പ്രകാരമുള്ള വിവിധ പിഴകളിൽ വർധന  വേണമെന്ന്‌ ദീർഘനാളായി ആവശ്യമുയർന്നിരുന്നു.

നിർദിഷ്ട ബില്ലിലെ വ്യവസ്ഥകൾ പ്രകാരം എച്ച്‌ഇസിഐ 15 അംഗ സമിതിയായിരിക്കും. ഏതെങ്കിലുമൊരു സംസ്ഥാന സർവകലാശാല വൈസ്‌ചാൻസലറും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽനിന്നുള്ള രണ്ട്‌ പ്രൊഫസർമാരും സമിതിയിലുണ്ടാകും. ഏതെങ്കിലും കേന്ദ്ര സർവകലാശാല വിസി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ധന സെക്രട്ടറി, നിയമവിദഗ്‌ധൻ, ഒരു വ്യവസായ പ്രമുഖൻ തുടങ്ങിയവരും സമിതി അംഗങ്ങളായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *