തൃക്കാക്കര കൂട്ടബലാത്സംഗ കേസ്;  സിഐയുടെ അറസ്റ്റ് വൈകും; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ

തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ഇപ്പോൾ കിട്ടിയ തെളിവുകൾ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജുവിന്റെ വിശദീകരണം.

കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടതായും പരാതിയുണ്ട്. ഇക്കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള സിഐ സുനുവിന്റെ പശ്ചാത്തലം ശരിയല്ല. പ്രതി രക്ഷപ്പെടാതിരിക്കാനാണ് ഉടൻ കസ്റ്റഡിയിൽ എടുത്തതെന്നും കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.  പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ പൊലീസിന്റെ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികൾ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *