വാഹനാപകടത്തിൽ പിതാവും മകനും മരിച്ചു

 

ഫുജൈറ : യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ സ്വദേശികളായ പിതാവും മകനും മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ഒരു വാഹനം പിതാവും മകനും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും സംഭവസ്ഥലത്ത് തന്നെ പിതാവും മകനും മരിക്കുകയുമായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നേരത്തെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതാണ്.

53കാരനായ പിതാവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ് 23കാരനായ മകന്‍. ഈ സമയത്താണ് അപകടമുണ്ടായതെന്ന് മരണപ്പെട്ടവരുടെ കുടുംബം പറഞ്ഞു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായ വിവരം ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വേണം വാഹനമോടിക്കാനെന്ന് ഫുജൈറ പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *