2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്

2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഇത് മൂന്നാം തവണയാണ് ട്രംപ് മത്സര രംഗത്തെത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ പ്രാഥമിക നടപടികൾക്കും ട്രംപിന്റെ പ്രചാരണ വിഭാഗം തുടക്കമിട്ടു. ഫ്‌ലോറിഡയിൽ ഒരു പരിപാടിയിലാണ് പ്രസംഗമധ്യേ ട്രംപ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽനിന്നായി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രമുഖനാണ് എഴുപത്താറുകാരനായ ട്രംപ്.

‘അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു. അമേരിക്കയെ കൂടുതൽ ഉത്കൃഷ്ടവും മഹത്തരവുമാക്കാൻ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർഥിയാകുന്ന വിവരം ഇന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു’ പരിപാടിയിൽ ട്രംപ് പറഞ്ഞു.

യുഎസ് ഫെഡറൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ട്രംപിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകൾ ഇതിനകം സമർപ്പിച്ചതായാണ് റിപ്പോർട്ട്. മുൻപും ട്രംപുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ള ബ്രാഡ്ലി ക്രെയ്റ്റാണ് നടപടികൾക്കു നേതൃത്വം നൽകുന്നത്. യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ട്രംപിന്റെ രംഗപ്രവേശം.

Leave a Reply

Your email address will not be published. Required fields are marked *