സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്: ഇനി അന്വേഷിക്കുക പ്രത്യേക സംഘം

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ക്രൈംബ്രാഞ്ചിൽ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ് പി, പി.പി. സദാനന്ദൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിൻറെ തലവൻ. കേസന്വേഷണം നടത്തിയിരുന്ന എസ് പി സദാനന്ദൻ ഇന്നലെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിൽ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം വഴിമുട്ടാതിരിക്കാൻ സദാനന്ദനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സർക്കാർ ഏറെ പഴി കേട്ട കേസ് അന്വേഷണത്തിൽ തുമ്പ് ഉണ്ടായത് എസ് പി, പി.പി. സദാനന്ദൻ അന്വേഷണം തുടങ്ങിയ ശേഷമാണ്. തുടർ അന്വേഷണം മുടങ്ങാതിരിക്കാനാണ് സദാനന്ദന് തന്നെ ചുമതല നൽകി പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്

ആശ്രമം കത്തിച്ചുവെന്ന് സംശയിക്കുന്ന പ്രകാശിന്റെ ആത്മഹത്യയും പ്രത്യക സംഘം അന്വേഷിക്കും. കന്റോൺമെന്റ് അസിസ്റ്റൻറ് കമ്മീഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ.ബിജു , സിഐ സുരേഷ്‌കുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ട്. 

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം നടന്ന് നാലര വർഷം പിന്നിടുമ്പോൾ ആണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് തുമ്പുണ്ടാക്കിയത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് വെളിപ്പെടുത്തൽ. 

 

Leave a Reply

Your email address will not be published. Required fields are marked *