ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിർജീനിയ വൂൾഫ് എന്നതിന്റെ പാരഡിയായി വെള്ളായണി അർജുനനെ ആർക്കാണ് പേടി എന്ന് വികെഎൻ പറഞ്ഞിട്ടുണ്ട്….അതിന് ഒരു പാഠഭേദമാണ് ഇപ്പോൾ കോൺഗ്രസിലെ തരൂർ പേടി. സത്യത്തിൽ കോൺഗ്രസിൽ ശശി തരൂരിനെ ആർക്കാണ് പേടി.? നേതാക്കൾക്ക് മാത്രം എന്നതാണ് ഉത്തരം. കോൺഗ്രസിന്റെ നൻമ ആഗ്രഹിക്കുന്ന എല്ലാ പ്രവർത്തകരും മറ്റു അഭ്യുദയ കാംഷികളും ഒക്കെ തരൂർ നേതൃനിരയിലേക്കെത്തണം എന്നാഗ്രഹിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് ചെറുപ്പക്കാർ..കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കിട്ടിയ 1700ലേറെ വോട്ടുകളും ഇതാണ് സൂചിപ്പിക്കുന്നത്. കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഹൈക്കമാൻഡിന്റെ പിന്തുണയുള്ള സ്ഥാനാർഥികൾക്കെതിരെ മറ്റൊരു സ്ഥാനാർഥി നേടിയ ഏറ്റവും കൂടിയ വോട്ടാണിത്. എന്നിട്ടും കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ശശിതരൂർ എത്തിപ്പെടാത്തത് എന്തുകൊണ്ടാണ് എന്നതാണ് മില്യൺ ഡോളർ ചോദ്യം…പല കാരണങ്ങളുണ്ട് അതിനെങ്കിലും കോൺഗ്രസിന്റെ അയഞ്ഞതും അതേസമയം യാഥാസ്ഥിതികവുമായ സംഘടനാ സംവിധാനം തന്നെയാണ് അതിന് കാരണം.
നെഹ്രുകുടുംബത്തിന്റെ പാരമ്പര്യത്തോട് ചേർന്നാണ് സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിന്റെ അസ്തിത്വവും വികസിക്കുന്നത്. നെഹ്രുകുടുംബത്തിലെ വ്യക്തികളോടുള്ള കൂറ് തന്നെയാണ് നേതൃനിരയിലേക്ക് എത്താനുള്ള അടിസ്ഥാനയോഗ്യത. പ്രത്യേകിച്ച് നെഹ്രുവിന് ശേഷമുള്ള കാലഘട്ടത്തിൽ. ഇന്ദിരാഗാന്ധിയുടെ കാലത്ത് തുടങ്ങി വച്ചതും രാജീവ് ഗാന്ധിയുടെ കാലത്ത് തുടർന്ന് പോന്നതുമായ കിച്ചൺ കാബിനറ്റ് സംസ്കാരത്തിന്റെ തുടർച്ച തന്നെയാണ് ഇന്നും കോൺഗ്രസിൽ ഏറിയും കുറഞ്ഞും നിലനിൽക്കുന്നത്. എന്നാൽ രാജീവ് ഗാന്ധിക്ക് ശേഷം നെഹ്റു കുടുംബത്തിന്റെ പ്രഭാവം കുറഞ്ഞു തുടങ്ങിയതോടെ ആ കുടുംബത്തിലും അരക്ഷിതത്വ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങിയെന്ന് കാണാം. മിടുക്കരായ മറ്റു നേതാക്കളോടുള്ള ഈ ഉൾഭയം തന്നെയാണ് നരസിംഹറാവുവിനൊക്കെ അവസാന കാലത്ത് വിനയായത്. പ്രണബ് മുഖർജിയെ യുപിഎ അധികാരത്തിലെത്തിയ സമയത്ത് പ്രധാനമന്ത്രി പദത്തിൽ നിന്ന് തടഞ്ഞതും നെഹ്റു കുടുംബത്തിന്റെ തെളിച്ചു പറഞ്ഞാൽ സോണിയാ ഗാന്ധിയുടെ അരക്ഷിതബോധമായിരുന്നു. അതേസമയം നെഹ്റു കുടുംബത്തോടുള്ള കൂറ് വാക്കിലും നോക്കിലും തുടർച്ചയായി ഉറപ്പിച്ചിരുന്ന മൻമോഹൻസിങ്ങിന് രണ്ടു വട്ടം പ്രധാനമന്ത്രി പദം കൈക്കുമ്പിളിൽ വച്ചു കൊടുത്തതിനും മറ്റൊരു കാരണമില്ല. അതേ മൻമോഹൻ സിങ്ങിന്റെ മുൻകയ്യിലാണ് ശശിതരൂർ കോൺഗ്രസിൽ എത്തിച്ചേരുന്നത്. എന്നാൽ ഒരു ആഗോള പൗരൻ എന്ന ശശി തരൂരിന്റെ പ്രസിദ്ധിയും ആരെയും കൂസാത്ത അദ്ദേഹത്തിന്റെ രീതികളും കോൺഗ്രസ് ഹൈക്കമാൻഡിന് തുടക്കം മുതൽ അത്ര രസിച്ചിരുന്നില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റ കാറ്റിൽ ക്ലാസ് പ്രയോഗവും തുടർന്നുള്ള വിവാദവുമൊക്കെ അദ്ദേഹത്തെ സോണിയ ഗാന്ധിയുടെ ഗുഡ് ബുക്കിൽ നിന്ന് അകറ്റി. സ്വാഭാവികമായും ഇതു തന്നെയാണ് കേരളത്തിലും സംഭവിച്ചത്.
തുടർച്ചയായി മൂന്നു തവണ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം ഇപ്പോഴും കോൺഗ്രസ് സംസ്ഥാന ഘടകത്തിലെ ഒരു അവിഭാജ്യ ഘടകമല്ല. അദ്ദേഹം എങ്ങനെയെങ്കിലും ഒന്നു ഒഴിഞ്ഞുകിട്ടിയാൽ തിരുവനന്തപുരം ലോക്സഭാസീറ്റ് തിരിച്ചുപിടിക്കാൻ കച്ചകെട്ടിയിരിക്കുന്നവർ മാത്രമല്ല കെ.പി.സി.സി നേതൃത്വം പോലും പ്രധാനതീരുമാനങ്ങളെടുക്കുമ്പോൾ അദ്ദേഹത്തോട് അഭിപ്രായം ആരായാറില്ല. ഇതിനും ധൈര്യം നൽകുന്നത് ഹൈക്കമാൻഡിന് ശശി തരൂരിനോടുള്ള മമതക്കുറവാണ്. കൊടിക്കുന്നിൽ സുരേഷിനെ പോലുള്ള ഹൈക്കമാൻഡിന്റെ ഇഷ്ടനേതാക്കൾ പരസ്യമായി വളരെ രൂക്ഷമായ ഭാഷയിൽ തരൂരിനെ ആക്ഷേപിക്കുന്നതിന്റെയൊക്കെ പിന്നിലെ വാസ്തവവും അതാണ്. അധ്യക്ഷതിരഞ്ഞെടുപ്പിൽ മൽസരിച്ചതിലൂടെ കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന് ശശി തരൂർ ജീവൻ വയ്പ്പിച്ചെങ്കിലും തരൂരിന് ഒരു ഈസി വാക്കോവറും അതിന്റെ പേരിൽ പാർട്ടിയിൽ ലഭിക്കില്ല.. എന്നുമാത്രമല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചില്ല എന്ന സ്ഥിരം പരാതിഉയർത്തി തരൂരിനെ കൂടുതൽ സൈഡ്ലൈൻ ചെയ്യാനുമായിരിക്കും സംസ്ഥാനത്ത് ശ്രമം ഉണ്ടാവുക. ഇതിന് ഹൈക്കമാൻഡിൻരെ മൗനാനുവാദവും ഉണ്ടാകും. എന്നു തന്നെയുമല്ല പഴയ രീതിയില്ലെങ്കിലും ഗ്രൂപ്പ് സമവാക്യങ്ങളിൽ ചുറ്റിത്തിരിയുന്ന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു ഗ്രൂപ്പിന്റെയും പിന്തുണയും തരൂരിന് കിട്ടാനുമില്ല. അപ്പോൾ പിന്നെ എന്താണ് വഴി…ആ വഴിയാണ് തരൂർ ഇപ്പോൾ ശ്രമിക്കുന്നത് എന്നുവേണം അനുമാനിക്കാൻ. സംസ്ഥാനരാഷ്ട്രീയത്തിൽ തന്റെ തട്ടകം ഉറപ്പിക്കുക.. കേരളത്തിലെ പാർട്ടിപ്രവർത്തരുടെയിടയിൽ പ്രത്യേകിച്ച് യുവാക്കളുടെ ഇടയിലുള്ള ജനസമ്മതി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഗ്രാസ് റൂസ് റൂട്ട് ലെവലിൽ സ്വാധീനം ഉണ്ടാക്കിയെടുക്കുക. ഗ്രൂപ്പ് മാനേജർമാർക്ക് പോലും ഒതുക്കാൻ കഴിയാത്ത തരത്തിൽ സംസ്ഥാനതലത്തിൽ ജനപിന്തുണയും പ്രവർത്തരുടെ പിന്തുണയും ആർജിക്കുക. അതിന് മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയെങ്കിൽ അതും സ്വീകരിക്കുക എന്നതു തന്നെയായിരിക്കണം തരൂർ ലക്ഷ്യം വയ്ക്കുന്നത്.