ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്താന്‍ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന് വിവരം.  ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന.  കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.  രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ.

അതേ സമയം   ‘ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്ത് എത്തി.

സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്. “ഒരു കോൺഗ്രസ് നേതാവ് നർമ്മദാ അണക്കെട്ട് പദ്ധതി മൂന്ന് പതിറ്റാണ്ടായി സ്തംഭിപ്പിച്ച ഒരു സ്ത്രീക്കൊപ്പം പദയാത്ര നടത്തുന്നത് കണ്ടു.”

മേധാ പട്കർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ സൃഷ്ടിച്ച നിയമതടസ്സങ്ങൾ കാരണം നർമ്മദാ നദിക്ക് മുകളിലൂടെ സർദാർ സരോവർ അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. മേധാ പട്കര്‍ ഗുജറാത്തിനെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

നർമ്മദാ അണക്കെട്ടിന് എതിര്‍ത്തവരുടെ തോളിൽ കൈവെച്ചാണോ നിങ്ങൾ പദയാത്ര നടത്തുന്നത് എന്ന് വോട്ട് ചോദിച്ചെത്തുമ്പോള്‍ കോൺഗ്രസിനോട് ചോദിക്കൂ എന്ന് വോട്ടര്‍മാരോട് പ്രധാനമന്ത്രി മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *