ജബൽ അലി കപ്പൽ തീപിടുത്തത്തിൽ കീഴ്‌ക്കോടതി വിധി ശരി വച്ച് അപ്പീൽ കോടതി

യു എ ഇ : അശ്രദ്ധ മൂലം ജബൽ അലിയിലെ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് തീപിടിച്ച സംഭവത്തിൽ കീഴ്‌ക്കോടതിയുടെ വിധി ദുബായ് അപ്പീൽ കോടതി ശരിവച്ചു. അശ്രദ്ധമൂലം ജബൽ അലിയിലെ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിന് തീ പിടിക്കുകയും 24 ദശലക്ഷം ദിർഹത്തിന്റെ നാശ നഷ്ടങ്ങളുണ്ടാക്കിയ കേസിൽ ക്യാപ്റ്റനെയും മറ്റ് നാല് പേരെയും ഒരു മാസത്തേക്ക് തടവിലാക്കിയ കീഴ്ക്കോടതി വിധിയാണ് ദുബായ് അപ്പീൽ കോടതി ശരിവച്ചിരിക്കുന്നത്‌. തീപിടുത്തത്തിന് കാരണക്കാരായ നാല് ഷിപ്പിംഗ് കമ്പനികൾക്കും 100,000 ദിർഹം വീതം പിഴ ചുമത്താനും കോടതി വിധിച്ചു. തുടർന്ന് സിവിൽ കേസ് യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

2021 ജൂലൈയിൽ, ജബൽ അലി തുറമുഖത്ത്, ഡോക്കിൽ നങ്കൂരമിട്ടിരുന്ന കപ്പലിൽ തീപിടിത്തമുണ്ടാവുകയായിരുന്നു. മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിൽ തീ അണച്ചുവെങ്കിലും തീപിടിത്തത്തിൽ വിവിധ സാമഗ്രികൾ അടങ്ങിയ കണ്ടെയ്‌നറുകൾ കത്തിനശിച്ചു, തുറമുഖ ബെർത്തിന്റെ ഭാഗവും ലോഡിംഗ്, അൺലോഡിംഗ് മെഷീനുകളുമടക്കം 24 ദശലക്ഷം ദിർഹത്തിന്റെ നഷ്ടമാണ് സംഭവിച്ചത്.സംഭവത്തിൽ ചില ഏഷ്യൻ നാവികർക്ക് നിസാര പരിക്കേറ്റെങ്കിലും മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *