കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 59 വയസ്സായിരുന്നു. ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടിൽ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യക്കും ബന്ധുക്കൾക്കും ഫോണിൽ കിട്ടിയില്ല. തുടർന്ന് പോലീസെത്തി ഫ്‌ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ 1963ലാണ് അദ്ദേഹം  ജനിച്ചത്. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്നു് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു.  പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്‌കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും അർഹനായി. 

Leave a Reply

Your email address will not be published. Required fields are marked *