അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരം; റെക്കോഡ് നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡ് സ്വന്തമാക്കി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006, 2010, 2014 ലോകകപ്പുകളിൽ ഓരോ ഗോൾ നേടിയ ക്രിസ്റ്റ്യാനോ 2018ൽ നാല് ഗോളുകൾ അടിച്ചുകൂട്ടി. ഇന്നലെ ഘാനക്കെതിരെ 65ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെയാണ് പോർച്ചുഗീസുകാരൻ ചരിത്രം എഴുതിയത്.

2006ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ ഇറാനെതിരെ പെനാൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. ഇതോടെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ മാറി. 21 വയസ്സും 132 ദിവസവുമായിരുന്നു അന്നത്തെ പ്രായം. ലൂയിസ് ഫിഗോയുടെ നായകത്വത്തിൽ 17ാം നമ്പർ ജഴ്‌സിയണിഞ്ഞായിരുന്നു അന്ന് കളത്തിലിറങ്ങിയത്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ക്യാപ്റ്റൻ ക്യാപണിഞ്ഞ് ഏഴാം നമ്പറിൽ ഇറങ്ങിയ റോണോ വടക്കൻ കൊറിയക്കെതിരെ മടക്കമില്ലാത്ത ഏഴ് ഗോളിന് ജയിച്ച കളിയിലാണ് വലകുലുക്കിയത്. 2014ൽ ബ്രസീലിൽ അരങ്ങേറിയ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഘാനക്കെതിരെയായിരുന്നു ഗോൾ.

2018ലെ റഷ്യൻ ലോകകപ്പിൽ സ്‌പെയിനിനെതിരെ ഹാട്രിക് നേടിയാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി.

Leave a Reply

Your email address will not be published. Required fields are marked *