‘എനിക്ക് ഡോക്ടർ പണി വേണ്ട, രാജ്യം വിടുന്നു’; പ്രതികരണവുമായി മർദ്ദനമേറ്റ വനിതാ ഡോക്ടർ 

കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച രോഗിയുടെ ഭർത്താവിന്റെ മർദ്ദനമേറ്റ വനിതാ ഡോക്ടർ മെഡിക്കൽ പ്രൊഫഷൻ ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. ‘എനിക്ക് ഈ പണി വേണ്ട, ന്യൂറോ സർജനുമാകേണ്ട, രാജ്യം വിടുന്നു’ മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന ഡോക്ടർ, തന്നെ സന്ദർശിക്കാനെത്തിയ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉൾപ്പെടെയുള്ളവരോടാണ് ഇക്കാര്യം പറഞ്ഞത്. ഡോ. സുൽഫി ഇത് ഫേസ് ബുക്കിലൂടെ പങ്കുവച്ചു.

പ്രതി ഇപ്പോഴും സുരക്ഷിതനാണ്, എന്നാൽ സൂപ്പർ സ്‌പെഷ്യാലിറ്റി പഠനം കഴിഞ്ഞശേഷം കുട്ടികൾ മതിയെന്ന് തീരുമാനിച്ച് ജോലിയോട് ആത്മാർത്ഥത കാട്ടിയ ഡോക്ടർ ഐ.സി.യുവിൽ കരയാൻ പോലും കഴിയാതെ മനസ് തകർന്നിരിക്കുകയാണെന്നും സുൽഫിയുടെ കുറിപ്പിലുണ്ട്. ശാരീരികമായി മാത്രമല്ല മാനസികമായും തകർന്ന നിലയിലാണ് വനിതാ ഡോക്ടർ. പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ല. അടിവയർ നോക്കി ചവിട്ടിയാൽ നോക്കി നിൽക്കാൻ ഇത് വെള്ളരിക്കാ പട്ടണമല്ലെന്ന് പറഞ്ഞാണ് സുൽഫിയുടെ ഫേസ് ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *