രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കുന്നത് എന്ന് അവകാശപ്പെട്ടുള്ള വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ബിജെപി നേതാവിനെതിരെ കേസ്. മധ്യപ്രദേശ് ബിജെപി മീഡിയ സെൽ മേധാവി ലോകേന്ദ്ര പരാശറിനെതിരെയാണ് ഛത്തീസ്ഗഡ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
എന്നാല്‍ പിസിസി അധ്യക്ഷൻ കമൽനാഥിന്‍റെ ഓഫീസിലുള്ളവരാണ് വീഡിയോ കോൺഗ്രസ് ട്വിറ്റർ ഹാൻഡിൽ ആദ്യം പോസ്റ്റ് ചെയ്തതെന്ന് വാദിച്ച് ബിജെപി മധ്യപ്രദേശ് ഘടകം ശനിയാഴ്ച പരാശറിന് പിന്തുണയുമായി രംഗത്ത് എത്തി.
വെള്ളിയാഴ്ച വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം. വീഡിയോ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്ത് എത്തിയിരുന്നു.ബിജെപിക്കെതിരെ ഉടൻ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അറിയിച്ചിരുന്നു.
ഛത്തീസ്ഗഢ് കോൺഗ്രസ് ലീഗൽ സെല്ലിലെ അംഗമായ അങ്കിത് കുമാർ മിശ്ര റായ്പൂരില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. നവംബർ 25 ന് പരാശർ തന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന വീഡിയോ മനഃപൂർവം പോസ്റ്റ് ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഛത്തീസ്ഗഡ് പോലീസ് പരാതിയില്‍ ഐപിസി 504, 505, 120 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് വിവരം. ഇത്തരം വ്യാജ വീഡിയോ ഉണ്ടാക്കി സമൂഹത്തില സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.
അതേ സമയം പാര്‍ട്ടിയിലെ പോര് മറയ്ക്കാന്‍ കോണ്‍ഗ്രസ് വ്യാജമായി ഉയര്‍ത്തുന്ന പരാതിയാണ് ഇതെന്നാണ് മധ്യപ്രദേശ് ബിജെപി പറയുന്നത്. ലോകേന്ദ്ര പരാശറിനെതിരായ കേസ് മധ്യപ്രദേശിലെ കോണ്‍ഗ്രസിന്‍റെ ഒരു ശ്രദ്ധതിരിക്കല്‍ ശ്രമമാണ് എന്നാണ് ബിജെപി പറയുന്നത്. നവംബര്‍ 25ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്ളഭാഗമാണ് ബിജെപി മീഡിയ സെൽ മേധാവി ലോകേന്ദ്ര പരാശര്‍ പോസ്റ്റ് ചെയ്തത് എന്നാണ് ബിജെപി പറയുന്നത്.