“മെട്രോ ദിസ് വേ ” താളത്തിൽ ചൊല്ലി ഖത്തറിലെ കെനിയൻ മെട്രോമാൻ, കൂടെ ചൊല്ലി ആളുകളും

ദോഹ : ഖത്തർ സോഷ്യൽ മീഡിയകളിൽ മിന്നിത്തിളങ്ങി കെനിയൻ യുവാവ്. ഫിഫ ലോകകപ്പിന്റെ ആരവങ്ങള്‍ക്കിടയിലും ഖത്തറിലെ സാമൂഹിക മാധ്യമങ്ങളിലെ പുതിയ താരമാണ് കെനിയന്‍ സ്വദേശിയായ മെട്രോമാന്‍. ഖത്തർ മെട്രോയിലേക്കുള്ള വഴി ആളുകളെ അറിയിക്കാൻ സ്വദസിദ്ധമായ രീതിയിൽ ഇയാൾ നടത്തിയ പ്രകടനമാണ് ആളുകൾക്കിടയിൽ ഈ അബൂബക്കര്‍ അബ്ബാസ് എന്ന ഈ കെനിയക്കാരനെ പ്രിയങ്കരനാക്കിയത്. നാടൻ രീതിയിൽ ‘മെട്രോ ദിസ് വേ, എന്ന് താളത്തിൽ ചൊല്ലിയത് ആളുകളെ ആകർഷിക്കുകയായിരുന്നു. കൂടെ ചൊല്ലിയും,വിഡിയോയും ഫോട്ടോകളും എടുത്ത് ആളുകൾ സന്തോഷവും പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ മെട്രോ മാൻ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്.

ഖത്തർ സൂഖ് വാഖിഫ് മെട്രോ സ്റ്റേഷനിലേക്ക് ഇവിടെയെത്തുന്ന സന്ദര്‍ശകരെ നയിക്കാന്‍ ഇദ്ദേഹം സ്വീകരിച്ച നവീനമായി രീതി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഒരു ടെന്നീസ് അമ്പയര്‍ ഇരിക്കുന്നതു പോലെ കസേരയില്‍ ഇരുന്ന് വലിയൊരു ചൂണ്ടുകൈയുടെ മാതൃകയിലുള്ള ബോര്‍ഡ് സൂഖ് വാഖിഫ് സ്റ്റേഷന്റെ ഭാഗത്തേക്ക് തിരിച്ചുവച്ച് തന്റെ മെഗാഫോണിന്റെ സഹായത്തോടെ ‘മെട്രോ ദിസ് വേ, മെട്രോ ദിസ് വേ, മെട്രോ ദിസ് വേ’ എന്ന് താളത്തില്‍ വിളിച്ചുപറയുന്ന ഈ കെനിയന്‍ യുവാവ് ഒറ്റദിവസം കൊണ്ട് സോഷ്യല്‍ മീഡിയ സെന്‍സേഷനായി വളരുകയായിരുന്നു.

യുവാവിന്റെ ഈ സഹായ ദൗത്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇദ്ദേഹത്തെ കാണാന്‍ നിരവധി പേരാണ് സൂഖ് വാഖിഫിലേക്ക് എത്തുന്നത്. ഇദ്ദേഹത്തോടൊത്ത് സെല്‍ഫി എടുക്കാനും കുശലം പറയാനുമായി എത്തുന്നവരുടെ തിരക്കില്‍ സെലിബ്രിറ്റി പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് അബൂബക്കര്‍ അബ്ബാസ്. തന്നെ കാണാന്‍ കൂടിനിന്നവരോട് മെട്രോ എന്ന് തന്റെ മെഗാ ഫോണിലൂടെ വിളിച്ചുപറയുമ്പോല്‍ ദിസ് വേ എന്ന കൂടിനിന്നവര്‍ ഏറ്റുപറയുന്ന വീഡിയോയും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

താരമൂല്യം കൂടിയതോടെ ചടങ്ങുകളിലെ അതിഥിയായി മാറിയിരിക്കുകയാണ് ഈ യുവാവ്. അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന ഇംഗ്ലണ്ട്- യുഎസ് മല്‍സരത്തില്‍ മുഖ്യാതിഥികളില്‍ ഒരാള്‍ അബൂബക്കര്‍ അബ്ബാസായിരുന്നു. ലോകകപ്പിനായി ഒരുക്കിയ പ്രധാന പൊതുഗതാഗത സംവിധാനമായ ദോഹ മെട്രോയെ സന്ദര്‍ശകര്‍ക്കിടയില്‍ ഹിറ്റാക്കാന്‍ സഹായിച്ചതിന് നന്ദി സൂചകമായാണ് ഇദ്ദേഹത്തെ ലോകകപ്പിന്റെ പ്രാദേശിക സംഘാടകര്‍ അതിഥിയായി സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചത്. അബ്ബാസിന്റെ സേവനത്തിന് നന്ദി പറഞ്ഞ സംഘാടകര്‍ സ്റ്റേഡിയത്തില്‍ നിന്ന് അബ്ബാസിനോടൊപ്പം ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *