വാർത്തകൾ ചുരുക്കത്തിൽ

സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ അവതരിപ്പിക്കേണ്ട ബില്ലുകൾ ച‍‍ര്‍ച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതടക്കമുള്ള നടപടികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ നടക്കും. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ലുൾപ്പെടെ പരിഗണിച്ചേക്കുമെന്നാണ് സൂചന.

അതേസമയം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം, സര്‍വ്വകലാശാല ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് അംഗീകാരം നൽകിയത്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് അവതരിപ്പിക്കും.

…………………………….

ശ്രദ്ധാ കൊലക്കേസിൽ പ്രതി അഫ്താബ് അമീൻ പൂനാവാലയുടെ പുതിയ കാമുകിയെ പൊലീസ് ചോ​ദ്യം ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയാണ് സൈക്യാട്രിസ്റ്റായ കാമുകിയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ, കൊലപാതക വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും മൃതദേഹം അഫ്താബിന്റെ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഉണ്ടായിരുന്നത് അറിയില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണയാണ് പോയത്. എന്നാൽ കൊലപാതകം നടന്ന സൂചനകളൊന്നും ഉണ്ടായിരുന്നില്ല. സംശയിക്കത്തക്കതായി അഫ്താബിൽ ഒന്നുമുണ്ടായിരുന്നില്ലെന്നും തന്നെ നന്നായി കെയർ ചെയ്തെന്നും ഡോക്ടറായ ഇവർ പൊലീസിനോട് പറഞ്ഞു.

…………………………….

വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാര്‍ത്തകളുണ്ട്. ഇത് സംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണമെന്നും കെ സുധാകരന്‍ പറഞ്ഞു.

…………………………….

വിഴിഞ്ഞം സംഘര്‍ഷത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകള്‍ ഉൾപ്പെട്ടതായി വിവരമില്ലെന്ന്​ ഡി.ഐ.ജി ആർ. നിശാന്തിനി. തീരമേഖലയുടെ സ്​പെഷൽ ഓഫിസറായി ചുമതലയേറ്റ ശേഷം വിഴിഞ്ഞം സ്​റ്റേഷൻ സന്ദർശിക്കുകയായിരുന്നു അവർ. വിഴിഞ്ഞത്ത്​ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതി നൽകിയിട്ടില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് അനുവദിക്കില്ലെന്നും അവർ മാധ്യമങ്ങളോട്​ പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാൻ ശ്രമമാരംഭിച്ചതായും ഡി.ഐ.ജി വ്യക്തമാക്കി.

…………………………….

അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 15 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.

…………………………….

സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെ കേസിലെ പ്രതിയായ ഭാര്യ മരിച്ച നിലയിൽ. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി സൗജത്തിനെയാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം.

…………………………….

ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും മെഡിക്കൽ, നിയമ, സാങ്കേതിക വിദ്യാഭ്യാസം നൽകുന്നത് സംസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷ് സംസാരിക്കാത്ത വിദ്യാർഥികളുടെ കഴിവ് രാജ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും വിദ്യാഭ്യാസം നൽകുന്നതിന്‍റെ പ്രധാന്യം ചൂണ്ടിക്കാട്ടിയ ഷാ ഇത് വിദ്യാർഥികളുടെ ചിന്തയെ വികസിപ്പിക്കുമെന്നും പുതിയ കണ്ടുപിടിത്തങ്ങളെയും ഗവേഷണത്തേയും പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.

…………………………….

ഊരൂട്ടമ്പലത്തെ അമ്മയെയും കുഞ്ഞിനെയും 11 കൊല്ലം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാഹിൻകണ്ണും റുഖിയയും കുറ്റസമ്മതം നടത്തി. വിദ്യയേയും മകൾ ഗൗരിയെയും ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലിൽ തള്ളി എന്ന് പ്രതികള്‍ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. മാഹിന്‍കണ്ണിനെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇയ്യാളുടെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്.

…………………………….

കോട്ടയം നഗരമധ്യത്തില്‍ രാത്രി പെണ്‍കുട്ടിയ്ക്കും സുഹൃത്തിനും നേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതില്‍ സി.എം.എസ്. കോളേജ് വിദ്യാര്‍ഥികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധച്ചങ്ങലയും തീര്‍ത്തു. കോളേജ് അധികൃതരും വിദ്യാര്‍ഥികളുടെ പ്രതിഷേധത്തോട് അനുകൂല സമീപനമാണ്‌ സ്വീകരിച്ചത്.

ആക്രമണ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അനസ് അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

…………………………….

തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം. സിവിൽ സ‍ർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആൾ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്യതത്. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. അന്ന് തന്നെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

…………………………….

മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണ ഉത്തരവിട്ട ഹൈക്കോടതി, സിബിഐയെ രൂക്ഷണായി വിമര്‍ശിച്ചു. ആത്മഹത്യയെന്ന സിബിഐ റിപ്പോ‍ർട്ട് തട്ടിക്കൂട്ടിയതാണെന്ന് കോടതി വിമര്‍ശിച്ചു. കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോർട്ടിലില്ലെന്നും കോടതി വിലയിരുത്തി.

…………………………….

പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ തള്ളിയത്. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

…………………………….

യു.എ.ഇയിൽ ഫാമിലി ബിസിനസുകളുടെ വളർച്ച ലക്ഷ്യമിട്ടുള്ള പുതിയ ഫാമിലി ബിസിനസ് നിയമം ജനുവരിയിൽ പ്രാബല്യത്തിൽ വരും. ഫാമിലി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക മേഖല കൂടുതൽ കരുത്തുറ്റതാക്കുകയുമാണ് ലക്ഷ്യം. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

Leave a Reply

Your email address will not be published. Required fields are marked *