പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; ബാങ്കിനെതിരെ കോഴിക്കോട് കോർപറേഷന്റെ പരാതി

പഞ്ചാബ് നാഷനൽ ബാങ്ക് മുൻ മാനേജരുടെ തട്ടിപ്പിൽ 12 കോടി നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപറേഷൻ. നേരത്തെ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ 2.5 കോടിക്കു പുറമെ 10 കോടി രൂപ കൂടി കാണാനില്ല. കുടുംബശ്രീ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി കോർപറേഷൻ സെക്രട്ടറി പൊലീസിൽ പരാതി നൽകി. നഷ്ടമായ പണം പലിശസഹിതം 24 മണിക്കൂറിനകം മടക്കി നല്‍കണമെന്നാണ് കോര്‍പറേഷന്റെ ആവശ്യം. പഞ്ചാബ് നാഷനൽ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിൽനിന്നാണു പണം കാണാതായത്. 

മുന്‍ മാനേജര്‍ എം.പി.റിജിൽ വെട്ടിച്ചതായി കണ്ടെത്തിയ രണ്ടരക്കോടി ബാങ്ക് തിരിച്ചുനൽകിയിരുന്നു. 98 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു ബാങ്കിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, 2.53 കോടി രൂപ നഷ്ടപ്പെട്ടെന്ന നിലപാടില്‍ കോര്‍പറേഷന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ബാങ്ക് നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് 2.5 കോടിയോളം രൂപ എം.പി.റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് നഷ്ടമായ മുഴുവന്‍ തുകയും തിരിച്ചുനല്‍കിയത്. തുടർന്ന് റിജിലിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *