വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണം, ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോ​ഗിക്കരുത്; മദ്രാസ് ഹൈക്കോടതി

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ എച്ച്ആർ, സിഇ വകുപ്പിനാണ് നിർദ്ദേശം നൽകിയത്. വ്യവസ്ഥകൾ നടപ്പാക്കാൻ കോടതി ക്ഷേത്രങ്ങളുടെ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോ​ഗം നിരോധിക്കുന്നതിനായി തിരുച്ചെന്തൂർ ക്ഷേത്രം അധികൃതർ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വിലിരുത്തി. തിരുച്ചെന്തൂർ ക്ഷേത്രപരിസരത്ത് മാന്യമായ ഡ്രസ് കോഡ് വേണമെന്നും മധുര ബെഞ്ച് നിരീക്ഷിച്ചു.

നവംബർ 14 മുതൽ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ഭക്തർക്കും ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവർക്കും മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ അനുവാദമില്ല. സെൽഫോണുകൾ നിക്ഷേപിക്കുന്നതിനും ടോക്കണുകൾ നൽകുന്നതിനും സെക്യൂരിറ്റി കൗണ്ടർ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി തിരുച്ചെന്തൂർ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

സെൽഫോണുകൾ എടുക്കരുതെന്ന് മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ സെൽഫോണുകൾ കൈവശം വച്ചാൽ അത് പിടിച്ചെടുക്കും, തിരികെ നൽകില്ല, ഈ വിവരങ്ങൾ പൊതു സംവിധാനത്തിലും അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ വരുന്ന ഭക്തർ തമിഴ്നാടിന്റെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്ന വസ്ത്രം ധരിക്കണമെന്നും ഇതു സംബന്ധിച്ച സൂചനാ ബോർഡുകൾ ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്നും തിരുച്ചെന്തൂർ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *