വിഴിഞ്ഞത്ത് സമവായ നീക്കം: ചീഫ് സെക്രട്ടറി മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തി

വിഴിഞ്ഞത്ത് സമവായ നീക്കം. മലങ്കര, ലത്തീന്‍ സഭാധ്യക്ഷന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തി. ക്ലിമ്മീസ് കാതോലിക്കാ ബാവയും ഡോ. തോമസ് ജെ നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗാന്ധി സ്മാരക നിധിയുടെ മധ്യസ്ഥതയിലും ഒത്തുതീർപ്പ് ചർച്ച നടക്കും. സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കും. സർക്കാരും സമര സമിതിയും അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിഴിഞ്ഞം സമരം ചർച്ച ചെയ്യാന്‍ കോർ കമ്മിറ്റി ഉണ്ടാക്കി. പൗര പ്രമുഖരാണ് കമ്മിറ്റിയിലുള്ളത്. ജസ്റ്റിസ് ഹരിഹരൻ നായർ, ജോർജ് ഓണക്കൂർ, ടി പി ശ്രീനിവാസൻ തുടങ്ങിയവർ കമ്മിറ്റിയിൽ ഉണ്ടാകും. 

അതേസമയം വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ കൈകഴുകാനാണ് സംസ്ഥാന സർക്കാർ നീക്കം. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട് . എത്ര എതിർപ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെ കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളിൽ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അതുകൂടി മുന്നിൽക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാൻ സർക്കാരും ഒരുങ്ങുന്നത്. ഈ ആവശ്യം അദാനി കമ്പനി ഹൈക്കോടതിയിൽ ഉന്നയിച്ചതിനാൽ സർക്കാരിന് കൈകഴുകി നോക്കി നിൽക്കാം.  

സംസ്ഥാനത്ത് പല വൻകിട പദ്ധതികൾക്കും കേന്ദ്രസേനയുടെ സംരക്ഷമുളളതിനാൽ സമ്മതം മൂളിയെന്ന് പൊതുവിൽ നിലപാടെടുക്കാം. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം കടുത്താൽ കേന്ദ്രസേനയ്ക്ക് ഇടപേടേണ്ടിവരും. അങ്ങനെവന്നാൽ എല്ലാം   കേന്ദ്രസേനയുടെ  തലയിൽ ചാർത്തി സംസ്ഥാന സർക്കാരിന് തന്ത്രപരമായി രക്ഷപെടാം. ഇതിനിടെ സർക്കാരും ലത്തീൻ സഭയുമായുളള ബന്ധം വഷളായതോടെ കൊച്ചിയിലെ ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ മന്ത്രി ആന്‍റണി പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *