ഉദ്യോഗസ്ഥ വീഴ്ചയില്‍ നിഷയ്ക്ക് നഷ്ടമായത് ജോലിയെന്ന സ്വപ്നം

ഉദ്യോഗസ്ഥന്റെ വീഴ്ച്ച കാരണം അര്‍ഹിച്ച ജോലി നഷ്ടമായതിന്റെ വേദനയിൽ കഴിയുകയാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ. ഒഴിവ് വന്നിട്ടും ഉദ്യോഗസ്ഥൻ കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്യതിരുന്നതാണ് കാരണം. ഇതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി കോടതിയിൽ നിയമ പോരാട്ടം തുടരുകയാണ് നിഷ.

സെക്കന്റുകളുടെ വില മറ്റാരേക്കാളും നന്നായി നിഷക്ക് അറിയാം. കാരണം വെറും നാല് സെക്കന്റ് കൊണ്ട് നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ ഈ യുവതിയുടെ ജോലി സ്വപനങ്ങള്‍ തകര്‍ത്തത്. 2015ൽ എറണാകുളം ജില്ലയിലേക്കുള്ള എൽഡി ക്ലര്‍ക്ക് പരീക്ഷയിൽ 696 ആം റാങ്കുകാരിയായിരുന്നു നിഷ. തസ്തികയിലെ ഒഴിവുകളോരോന്നും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് നിഷയുൾപ്പടെയുള്ള റാങ്ക് ലിസ്റ്റിലുണ്ടായിരുന്നവര്‍ റിപ്പോർട്ട് ചെയ്യിച്ചു. 2018 മാര്‍ച്ച് 31 നായിരുന്നു ലിസ്റ്റിൻറെ കാലാവധി അവസാനിക്കുന്നത്. അതിന് മൂന്ന് ദിവസം മുന്നേ, അതായത്, മാർച്ച് 28 ന്, കൊച്ചി കോർപ്പറേഷനിലുണ്ടായ ഒഴിവും ഇവർ തന്നെയാണ് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫീലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. 

29നും 30നും ഓഫീസ് അവധി ദിവസങ്ങളായിരുന്നു. 31 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തില്ല. പകരം രാത്രി 12 മണിക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഇക്കാര്യം ചെയ്യാൻ സമയം കിട്ടിയത്. പി.എസ്.സി ക്ക് ഇമെയിൽ ലഭിച്ചതാകട്ടെ 12 മണി കഴിഞ്ഞ് നാല് സെക്കന്റ് പിന്നിട്ടപ്പോഴും. ഇതോടെ അര്‍ധരാത്രിയിൽ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ നിഷയുടെ ജോലി സ്വപ്നം തകര്‍ന്നു. പുതിയ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥിക്ക് ജോലിയും കിട്ടി.

35 വയസ് കഴിഞ്ഞതിനാൽ ഇനി പിഎസ് സി പരീക്ഷ എഴുതാൻ നിഷയ്ക്ക് കഴിയില്ല. നിഷയിപ്പോൾ അര്‍ഹതപ്പെട്ട ജോലി കിട്ടാൻ കോടതി വരാന്തകൾ കയറിയിറങ്ങുകയാണ് . വൈകുന്നേരം അഞ്ച് മണിക്ക് ഓഫീസ് സമയം തീരുമെന്നിരിക്കെ രാത്രി പന്ത്രണ്ട് മണിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം നിഷ പല ഉദ്യോഗസ്ഥരോടും കഴിഞ്ഞ നാല് വര്‍ഷമായി ചോദിക്കുകയാണ്. പക്ഷേ ആര്‍ക്കും വ്യക്തമായ മറുപടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *