പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; 12 കോടി 68 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തി ക്രൈംബ്രാഞ്ച്

കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് തട്ടിപ്പിൽ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ഇതുവരെ നടന്ന പരിശോധനയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസ് ഏറ്റെടുത്ത കോഴിക്കോട് ജില്ലാ ക്രൈബ്രാഞ്ച് നാളെ പഞ്ചാബ് നാഷണൽ ബാങ്കിലും കോർപ്പറേഷനിലും പരിശോധന നടത്തും. ഇന്നലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ടി എ ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്. ലോക്കൽ പൊലീസ് നൽകിയ രേഖകളും അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ശേഖരിച്ചു. ഇതുവരെയുള്ള പരിശോധനയിൽ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

പല അക്കൗണ്ടുകളിൽ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകൾ നടത്തിയതിനാൽ ബാങ്ക്, കോർപ്പറേഷൻ എന്നിവയുടെ രേഖകൾ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എം പി റിജിലിൻറെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓൺലൈൻ റമ്മിക്ക് ഉൾപ്പടെ ഈ അക്കൗണ്ടിൽ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി. 15 കോടി  24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപ്പറേഷൻറെ പരാതി.12 കോടിയാണ് ബാങ്ക് പുറത്തുവിടുന്ന കണക്ക്. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാൽ തട്ടിപ്പിൻറെ വ്യാപ്തി ഇനിയും ഉയരുമെന്നാണ് സൂചന. 

 

Leave a Reply

Your email address will not be published. Required fields are marked *