ഇൻഫ്ലുൻസ വാക്‌സിനുകൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി അബുദാബി ആരോഗ്യ വകുപ്പ്

യു എ ഇ : പനി തടയാൻ ഇൻഫ്ലുൻസ വാക്‌സിനുകൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി അബുദാബി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ഇൻഫ്ലുൻസ വാക്‌സിനുകൾ നല്കാൻ ഫാർമസികൾക്ക് അനുമതി നൽകി. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്‍ഫ്ലുവന്‍സ വാക്സിന്‍ എടുക്കാം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും രോഗങ്ങള്‍ ബാധിക്കുന്നത് തടയാനും വേണ്ടി വാക്സിനുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം. . ചില വിഭാഗങ്ങള്‍ക്ക് വാക്സിന്‍ സൗജന്യവുമാണ്. തിഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉടമകള്‍, രോഗബാധയേല്‍ക്കാന്‍ വലിയ സാധ്യതുള്ള ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍, ഗര്‍ഭിണികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഹജ്ജ് – ഉംറ തീര്‍ത്ഥാടകര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ സൗജന്യമായി ലഭിക്കുക.

യാസ് മാളിലെ അല്‍ മനാറ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലെ അല്‍ തിഖ അല്‍ അല്‍മൈയാ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലും സുല്‍ത്താന്‍ ബിന്‍ സായിദ് സ്‍ട്രീറ്റിലും (അല്‍ മുറൂര്‍ റോഡ്) ഉള്ള അല്‍ തിഖ അല്‍ ദൊവാലിയ ഫാര്‍മസി, വിവിധ സ്ഥലങ്ങളിലുള്ള അല്‍ ഐന്‍ ഫാര്‍മസി ശാഖകള്‍ എന്നിവയ്ക്കാണ് വാക്സിനുകള്‍ ലഭ്യമാക്കാന്‍ അബുദാബി ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്.

ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുകയും അസുഖങ്ങളെ അകറ്റി നിര്‍ത്താന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അബുദാബി ആരോഗ്യ വകുപ്പ്, ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹിന്ദ് മുബാറക് അല്‍ സാബി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അബുദാബിയില്‍ മാത്രം എഴുപതിനായിരത്തോളം ഇന്‍ഫ്ലുവന്‍സ വാക്സിനുകളാണ് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *