യു എ ഇ യിൽ വ്യാജ രേഖ ചമച്ച് 52000 ദിർഹം കവർന്ന പ്രവാസിയെ ജയിൽ ശിക്ഷക്ക് ശേഷം നാട് കടത്തും

അബുദാബി : യുഎഇയില്‍ വ്യാജ രേഖകളുണ്ടാക്കി കമ്പനിയില്‍ നിന്നും 52,000 ദിര്‍ഹം തട്ടിയെടുത്ത പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി . 43കാരനായ ഏഷ്യക്കാരനാണ് ഒരു മാസത്തെ തടവു ശിക്ഷ വിധിച്ചത്. ശിക്ഷാ കാലവധി പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്തും.

മറ്റൊരു പ്രുഖ കമ്പനിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കിയ പ്രവാസി പണം തട്ടിയെടുക്കുകയായിരുന്നു. വ്യാജ ഇ മെയില്‍ വിലാസം ഉപയോഗിച്ച്, ഒരു ടെന്‍ഡറിനായി 52,000 ദിര്‍ഹം കൈമാറ്റം ചെയ്യണമെന്ന് തട്ടിപ്പിനിരയായ കമ്പനിക്ക് പ്രതി ഇ മെയില്‍ അയച്ചതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അന്വഷണത്തില്‍ തെളിഞ്ഞു. ഈ കമ്പനിയുടെ മാനേജരില്‍ നിന്ന് പണം ലഭിക്കുന്നതിനായി വ്യാജ രേഖകളും ഇയാള്‍ സൃഷ്ടിച്ചു. തെറ്റായ വിവരങ്ങളും വ്യാജ മുദ്രയും പതിപ്പിച്ച രേഖകളില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേര്‍ത്തിരുന്നു.

പണം കൈമാറ്റം ചെയ്ത ശേഷം തട്ടിപ്പിനിരയായ കമ്പനിയിലെ മാനേജര്‍ ടെന്‍ഡറിനെ കുറിച്ച് സംസാരിക്കാനായി പ്രവാസി വ്യാജ ഇ മെയില്‍ വിലാസം സൃഷ്ടിച്ച കമ്പനിയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ടെന്‍ഡറിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി തിരിച്ചറിയുന്നത്. തെളിവുകളും മറ്റും പരിശോധിച്ച കോടതി കുറ്റക്കാരനായ പ്രവാസിക്ക് ഒരു മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. തട്ടിയെടുത്ത പണം ഇയാള്‍ തിരികെ നല്‍കണം. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വ്യാജ രേഖകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *