റെയിൽവേ കാറ്ററിങ് സ്റ്റാൾ ഇനി പൊതുജനങ്ങൾക്കും;

റെയില്‍വേ പ്ലാറ്റ്ഫോമില്‍നിന്ന് ഭക്ഷണശാല (കാറ്ററിങ് സ്റ്റാള്‍) പുറത്തേക്ക് വരുന്നു. സ്റ്റേഷന്‍വളപ്പിലാകും ഇവ തുറക്കുക. നിലവില്‍ തീവണ്ടിയാത്രക്കാര്‍ക്കുവേണ്ടി മാത്രമുള്ളതാണ് പ്ലാറ്റ്ഫോം സ്റ്റാളുകള്‍.

പാലക്കാട് ഡിവിഷനില്‍ 17 സ്റ്റേഷനുകളിലാണ് സ്റ്റാള്‍ തുറക്കുക. മംഗളൂരു സെന്‍ട്രല്‍ (രണ്ട്), മംഗളൂരു ജങ്ഷന്‍, വളപട്ടണം, കണ്ണൂര്‍, എടക്കാട്, കല്ലായി, വെസ്റ്റ് ഹില്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തിരുനാവായ, പാലക്കാട് (ആറ്) എന്നീ സ്റ്റേഷനുകളില്‍ ഇവ വരും. ചായ, കാപ്പി, വട, ബിസ്‌കറ്റ് എന്നിവ ഇനി തീവണ്ടിയാത്രക്കാര്‍ക്ക് മാത്രമല്ല, പൊതുജനത്തിനും കഴിക്കാം.

പാലക്കാട് സ്റ്റേഷനോടനുബന്ധിച്ച് ആറ് സ്ഥലത്താണ് കാറ്ററിങ് സ്റ്റാള്‍ വരുന്നത്. ഡി.ആര്‍എം. ഓഫീസ്, റെയില്‍വേ ആസ്പത്രി, ഗുഡ്സ് ഷെഡ് എന്നിവയ്ക്കരികെയാണ് സ്റ്റാളിനായി സ്ഥലം കണ്ടെത്തിയത്.

വളപട്ടണം, എടക്കാട്, കല്ലായി, വെസ്റ്റ് ഹില്‍, തിരുനാവായ എന്നിവ ചരക്കിറക്കുമായി ബന്ധപ്പെട്ട സ്റ്റേഷനുകള്‍ കൂടിയാണ്. ഇവിടെ ഗുഡ്സ് ഷെഡിനടുത്താണ് സ്ഥലം. നൂറുകണക്കിന് തൊഴിലാളികള്‍ക്കും ലോറി ജീവനക്കാര്‍ക്കും ഇത് ഗുണകരമാകും. കണ്ണൂരില്‍ പാര്‍ക്കിങ് സ്ഥലത്തിനരികെയും കോഴിക്കോട് റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിനരികെയും ഷൊര്‍ണൂരില്‍ ടി.ടി.ഇ.മാരുടെ വിശ്രമമുറിക്ക് സമീപവുമാണ് സ്റ്റാളുകള്‍ വരിക.

വൈവിധ്യവത്കരണം നടത്തി വരുമാനം കണ്ടെത്തുകയെന്നതാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. പ്ലാറ്റ്ഫോം ലഘുഭക്ഷണശാലകളില്‍ കയറുന്നവര്‍ തീവണ്ടി യാത്രക്കാരാണ്. 10 രൂപ ടിക്കറ്റ് എടുത്തും പ്ലാറ്റ്ഫോമില്‍ കയറാം. അല്ലാതെ പൊതുജനത്തിന് നിയമപരമായി ഇവിടെ പ്രവേശിക്കാനാകില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് തുടങ്ങുന്ന സ്റ്റാളുകളില്‍ ഈ പ്രശ്നമില്ല. ആര്‍ക്കും കഴിക്കാം.

എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ജി.എം.യു. (ജനറല്‍ മൈനറി യൂണിറ്റ്) സംവിധാനത്തിനാണ് ടെന്‍ഡര്‍ വിളിച്ചത്. പാലക്കാട് ഡിവിഷനിലെ എട്ട് സ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളില്‍ കാറ്ററിങ് സ്റ്റാള്‍ തുറക്കാനും ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *