വിവാഹ വാഗ്ദാനം നൽകി പണം തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കൽ സജികുമാർ (മണവാളൻ സജി–47) ആണ് അറസ്റ്റിലായത്. വിവാഹ വെബ്സൈറ്റിലെ പരസ്യം കണ്ടു ആളുകളെ വിളിച്ചു ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പ് നടത്തുന്ന ഇയാളെ മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് ഇന്നലെ കോട്ടയം നാട്ടകത്തു നിന്നു കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പക്കൽ നിന്നു ലഭിച്ച 2 തിരിച്ചറിയൽ രേഖകളിലൊന്നിൽ എറണാകുളം കോതമംഗലം രാമനെല്ലൂർ കാഞ്ഞിക്കൽ വീട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ പരസ്യങ്ങൾ നൽകുന്നവരുമായി ഫോണിലൂടെ പരിചയപ്പെട്ട ശേഷം ഉയർന്ന ജോലിയാണെന്നും സാമ്പത്തികമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിയിരുന്നത്.
വിവാഹ പരസ്യം വഴി മാവേലിക്കര സ്വദേശിനിയെ പരിചയപ്പെട്ട ഇയാൾ തന്റെ ആഡംബര കാർ അപകടത്തിൽപെട്ടെന്നും തകരാർ പരിഹരിക്കാൻ രണ്ടര ലക്ഷം രൂപ നൽകണമെന്നു ആവശ്യപ്പെട്ടു. തുടർന്നു മാവേലിക്കര സ്വദേശിനി പണം അയച്ചു നൽകി. പണം ലഭിച്ചതിനു ശേഷം വിളിക്കുന്നതും സന്ദേശം അയയ്ക്കുന്നതും നിർത്തിയ പ്രതിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഓൺലൈനിൽ മാത്രം വിളിച്ചിരുന്ന പ്രതിയെ യുവതി നേരിൽ കണ്ടിരുന്നില്ല.
സൗഹൃദം സ്ഥാപിച്ച സമയത്തു സജികുമാർ അയച്ചു നൽകിയ ചിത്രത്തിലെ ടീഷർട്ടിൽ രേഖപ്പെടുത്തിയ ഹോട്ടലിന്റെ പേരാണു പ്രതിയെ തിരിച്ചറിയാൻ സഹായകമായത്. ഈ പേരിലുള്ള ഹോട്ടൽ കണ്ടെത്തിയാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാട്ടകം സ്വദേശിനിക്കൊപ്പം താമസിക്കുകയാണെന്നു കണ്ടെത്തിയത്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഇയാൾ വിവാഹത്തട്ടിപ്പ് നടത്തിയതായാണു പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു.