കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബിജെപി വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.
തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന സമരം അനാവശ്യമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണം. കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് തന്റെ വാദങ്ങൾക്കുള്ള അംഗീകാരമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മേയറുടെ പേരിലുള്ള കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ മറ്റ് ഏജൻസികളുടെ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നഗരസഭയിലെ താൽക്കാലിക ഒഴിവുകൾ നികത്താൻ ആളുകളെ ആവശ്യപ്പെട്ട് പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജന പക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കഴിഞ്ഞ രണ്ട് വർഷത്തെ നിയമനങ്ങൾ ജുഡീഷ്യൽ കമ്മീഷനെ വെച്ച് പരിശോധിക്കണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. തന്റെ പേരിൽ പുറത്ത് വന്ന കത്ത് വ്യാജമാണെന്ന് മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു.