എസ് ബി ഐ ബാങ്കിന്‍റെ മേഴ്സി കോളേജ് ശാഖയില്‍ നിന്നും ഓൺലൈൻ വഴി 30 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനെ നേപ്പാൾ അതിർത്തി ഗ്രാമത്തില്‍ നിന്നും പാലക്കാട് സൗത്ത് പൊലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയും ഇന്ത്യാ – നേപ്പാൾ അതിർത്തി കേന്ദ്രീകരിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്‍റെ തലവനുമായ ബീഹാർ അരാരിയ ജില്ല, ദുമരിയ സ്വദേശി മഹേന്ദ്രപ്രസാദ് മണ്ഡൽ മകൻ ജീവൻ കുമാർ (32) ആണ് അറസ്റ്റിലായത്.
നർപത്ഗഞ്ച് ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിരവധി മാഫിയാ സംഘങ്ങളെ കുടുക്കാൻ സഹായിയായി ഇയാൾ പ്രവർത്തിച്ചിരുന്നു. മാത്രമല്ല ഇയാള്‍ക്ക് സ്ഥലത്തെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. ഇതിനാല്‍ ലോക്കൽ പൊലീസ് ആദ്യം കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘത്തെ സഹായിക്കാൻ മടിച്ചു. തുടർന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ് ഐ.പി.എസ്, പാലക്കാട് എ.എസ്.പി ഷാഹുൽ ഹമീദ് ഐ.പി.എസ് എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് അരാരിയ ജില്ലാ പൊലീസ് മേധാവി വിഷയത്തില്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ പൊലീസിന് കഴിഞ്ഞു.
ഡൽഹി, പാറ്റ്നാ, ചണ്ഡിഗഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രതിയും മറ്റ് രണ്ട് പേരും ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ബാങ്കിനെ കബളിപ്പിക്കാൻ കളമൊരുക്കിയത്. ഇത്തരത്തിൽ ഒരു കോടിയിലേറെ രൂപ ദിവസവും തട്ടിക്കുന്ന മറ്റ് പല സംഘങ്ങളെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെ ഉത്തർപ്രദേശിലെ മീററ്റിലും കന്യാകല്യാൺപൂരിലും നിന്ന് ഇതേ അന്വേഷണ സംഘം കഴിഞ്ഞമാസം സാഹസികമായി അറസ്റ്റ് ചെയ്തിരുന്നു.
ഉത്തരേന്ത്യയിലെ കൊടും ശൈത്യവും യാത്രാക്ലേശവും ഗുണ്ടാ സംഘാംഗങ്ങളുടെ ഭീഷണി ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ മറികടന്നാണ് പ്രതിയെ പൊലീസ് സംഘം തന്ത്രപൂർവ്വം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടാനുള്ള വഴി തെളിഞ്ഞു. കേസിലെ മുഖ്യാസൂത്രകരിൽ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. പാലക്കാട് സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാമാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ അറസ്റ്റ് ചെയ്ത ഓപ്പറേഷൻ സംഘത്തിൽ സൗത്ത് എസ്.ഐ മാരായ ഗിരീഷ് എ, ജ.ബി.ശ്യാംകുമാർ ട്രാഫിക് സ്റ്റേഷനിലെ ഷൈജു, സൗത്തിലെ ശിവദാസ് എം, ജില്ലാ ക്രൈം സ്ക്വാഡിലെ കിഷോർ, വിനീഷ്, മുഹമ്മദ് ഷനോസ്, എന്നിവരുമുണ്ടായിരുന്നു. പാലക്കാട് സൈബർ സെല്ലും എ.എസ്.ഐ ദേവിയും അന്വേഷണ സംഘത്തിന് നിർണ്ണായക പിന്തുണ നൽകി.