ബഫർസോണിൽ അവ്യക്തത; ജനജാഗ്രതാ യാത്രയുമായി കർഷക സംഘടനകള്‍

ബഫർസോൺ ആശങ്കയിൽ ജനജാഗ്രതാ യാത്രയുമായി കർഷക സംഘടനകള്‍. കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) യുടെ പിന്തുണയോടെ 61 കർഷക സംഘടനകൾ യാത്രനടത്തും. യാത്രയുടെ സമാപന സമ്മേനം താമരശേരി ബിഷപ്പ് ഉദ്ഘാടനം ചെയ്യും. അതിനിടെ, കണ്ണൂർ കണ്ടപുനത്തുള്ള വനം വകുപ്പ് ഓഫിസിനു മുന്നിൽ ബഫർസോൺ ഉപഗ്രഹ സർവേ റിപ്പോർട്ട് കത്തിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രതിഷേധിച്ചു. സർവേ റിപ്പോർട്ട് അവ്യക്തമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു പ്രതിഷേധം.

കോടതി വിധികളിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സർക്കാർ തന്ത്രങ്ങളുടെ തുടക്കമാണ് ബഫർ സോൺ ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അവ്യക്തതയെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് ആരോപിച്ചു. സംസ്ഥാനത്തെ 115 പഞ്ചായത്തുകളിലെ ആയിരം കേന്ദ്രങ്ങളിൽ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധം അറിയിക്കും. ബഫർ സോൺ സംബന്ധിച്ച വസ്തുതകൾ കൃത്യമായി ജനങ്ങൾ തിരിച്ചറിയാതെ ഇരിക്കാനാണ് അവ്യക്തമായ മാപ്പും റിപ്പോർട്ടും പുറത്തു വിട്ടതെന്നും കിസാൻ മഹാസംഘ് ആരോപിക്കുന്നു. ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് തയാറാക്കണമെന്ന് കിസാൻ മഹാ സംഘ് ആവശ്യപ്പെട്ടു.

അതിനിടെ, ബഫർസോണ് ഉപഗ്രഹസര്‍വേയിൽ വയനാട് നൂല്‍പുഴ പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാലു വാര്‍ഡുകളെ വനഭൂമിയെന്ന് രേഖപ്പെടുത്തിയെന്ന് പരാതി. ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കയ്യേറ്റം അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കാര്‍ഷിക ഗ്രാമമായ നൂല്‍പുഴയിൽ ജനസംഖ്യയുടെ 40 ശതമാനവും ആദിവാസികളാണ്.

കര്‍ഷകര്‍ താമസിക്കുന്ന വടക്കനാടും മുത്തങ്ങയും ഉള്‍പ്പടെ നാലു വാര്‍ഡുകളെ വനഭൂമിയാക്കി രേഖപ്പെടുത്തിയെന്നാണ് പരാതി. വീടുകളും വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പടെ ഭൂപടത്തില്‍ നിന്നും മാഞ്ഞുപോയെന്നാണ് ആക്ഷേപം. ജനവാസ കേന്ദ്രങ്ങളെ കാടിനോട് ചേര്‍ക്കാനാണ് നീക്കമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം. ജനകീയ സഭകള്‍ ചേര്‍ന്ന് പരാതി സമര്‍പ്പിക്കാന്‍ നീക്കം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *