ബി എച്ച് സീരീസിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം, ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാഹനവും ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി. നിലവിൽ പുതിയ വാഹനങ്ങൾ മാത്രമായിരുന്നു ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്തിരുന്നത്. അതേസമയം ഭാരത് രജിസ്‌ട്രേഷനിൽ ദുരുപയോഗം വർദ്ധിക്കുന്നതിനാൽ സ്വകാര്യ മേഖലയിലെ ജീവനക്കാർ സമർപ്പിക്കേണ്ട വർക്കിംഗ് സർട്ടിഫിക്കറ്റ് കൂടുതൽ പരിശോധനയക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് പ്രധാനമായും ബി എച്ച് സീരീസ് കൊണ്ടുവന്നത്. നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം 12 മാസത്തിൽ കൂടുതൽ മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കാനാവില്ല. അല്ലെങ്കിൽ വാഹനം പുതിയ സംസ്ഥാനത്തും രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം.
ഭാരത് സീരീസിൽ രജിസ്റ്റർ ചെയ്യാൻ നിലവിൽ എല്ലാവർക്കും കഴിയുകയില്ല. പ്രതിരോധ ഉദ്യോഗസ്ഥർ, സംസ്ഥാന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, പൊതുമേഖല സ്ഥാപനങ്ങൾ, നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിലെ ഉദ്യോഗസ്ഥർക്കും ഭാരത് രജിസ്‌ട്രേഷനിൽ മുൻഗണന ലഭിക്കും.