വധശിക്ഷകൾക്കെതിരെ പോസ്റ്റിട്ടു; ‘ദ സെയിൽസ്മാൻ’ നടി താരാനെ അലിദൂസ്തി അറസ്റ്റിൽ

ഇറാനിൽ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാജ്യത്ത് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് നടി‌‌യെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം വധിശിക്ഷക്ക് വിധേയനാക്കിയ യുവാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് താരാനെ അലിദൂസ്തിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഓസ്‌കർ പുരസ്കാരം നേടിയ “ദ സെയിൽസ്മാൻ” എന്ന ചിത്രത്തിലെ നായികയാണ് ഇവർ. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.  

പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് മറ്റ് നിരവധി ഇറാനിയൻ സെലിബ്രിറ്റികളെയും ജുഡീഷ്യറി ബോഡി വിളിപ്പിച്ചിട്ടുണ്ടെന്നും ഐആർഎൻഎ റിപ്പോർട്ടിൽ പറയുന്നു. മുഹ്സിൻ ഷെക്കാരിയെ വധശിക്ഷക്ക് വിധേയമാക്കിയതിനെതിരെയാണ് 38 കാരിയായ നടി രം​ഗത്തെത്തിയത്.  രക്തച്ചൊരിച്ചിൽ കണ്ടിട്ടും നടപടിയെടുക്കാത്ത എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണെന്നും നടി ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചു. 2020 ജൂണിൽ, ശിരോവസ്ത്രം നീക്കിയ സ്ത്രീയെ ആക്രമിച്ചതിന് 2018 ൽ ട്വിറ്ററിൽ പൊലീസിനെ വിമർശിച്ചതിന് അവൾക്ക് അഞ്ച് മാസത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ദ ബ്യൂട്ടിഫുൾ സിറ്റി, എബൗട്ട് എല്ലി എന്നിവയാണ് അലിദൂസ്തി അഭിനയിച്ച മറ്റ് സിനിമകൾ.

സുരക്ഷാ സേനയിലെ അംഗത്തെ ആക്രമിച്ചെന്ന കുറ്റത്തിനാണ് ഷെക്കാരിയെ ഡിസംബർ ഒമ്പതിന് വധശിക്ഷക്ക് വിധേയമാക്കിയത്. പിന്നാലെ മദീജ് റെസ റഹ്‌നവാർദിനെയും വധിച്ചു. കുറ്റാരോപിതരായ ഇരുവരെയും ഒരു മാസത്തിനുള്ളിൽ ഇരുവരെയും വധിച്ചു. സെപ്റ്റംബറിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഐക്യദാർഢ്യം പ്രകടിപ്പിച്ച് അലിദൂസ്തി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നേരത്തെയും പോസ്റ്റുകൾ അപ്ലോഡ് ചെയ്തിരുന്നു. ഏകദേശം 80 ലക്ഷം ഫോളോവേഴ്‌സ് ഉള്ള അവളുടെ അക്കൗണ്ട് ഞായറാഴ്ച സസ്പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *