കോവിഡ് നിർദേശങ്ങൾ തള്ളി; ഭാരത്‌ ജോഡോ യാത്രയ്ക്കു ഹരിയാനയിൽ തുടക്കം

കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കോവിഡ് നിർദേശങ്ങൾ തള്ളി കോൺഗ്രസിന്റെ ഭാരത്‌ ജോഡോ യാത്ര. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെ ഇന്നത്തെ യാത്രയ്‌ക്ക് ഹരിയാനയിൽ തുടക്കമായി.

ഭാരത് ജോഡോ യാത്രയിൽ കോവിഡ് നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സീൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിർദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

എന്നാൽ ഭാരത് ജോഡോ യാത്രയോട് ബിജെപിക്കും കേന്ദ്രസർക്കാരിനും ഇഷ്ടക്കേടാണെന്നും ഗുജറാത്തിൽ പ്രധാനമന്ത്രി നടത്തിയ റാലിയിൽ ഈ നിർദേശങ്ങൾ പാലിക്കപ്പെട്ടോ എന്നും കോൺഗ്രസ് ചോദിച്ചു. ബിജെപി നേതാക്കളുടെ പ്രചരണ പരിപാടികൾക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡം രാഹുൽ ഗാന്ധിയുടെ യാത്രയ്ക്കു മാത്രം ഏർപ്പെടുത്തുന്നതു ദുരൂഹമാണെന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചു. രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് പിന്തുണ വർധിക്കുന്നതിൽ കേന്ദ്രസർക്കാർ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *