നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ശിവൻകുട്ടിയുടെ കത്ത്

ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ശിവൻകുട്ടി കത്തിൽ അറിയിച്ചു.

അതിനിടെ, ഫാത്തിമയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ഇന്നുതന്നെ നാട്ടിൽ എത്തിക്കാനാണു ശ്രമം. മൃതദേഹം ഏറ്റുവാങ്ങാൻ ഫാത്തിമയുടെ പിതാവ് നാഗ്പൂരിൽ എത്തി. ഫാത്തിമയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെ കണ്ട് പരാതി നൽകി. ഇന്നലെ രാത്രിയാണ് ഫാത്തിമയുടെ പിതാവ് ഷിഹാബുദീൻ നാഗ്പൂരിൽ എത്തിയത്. ഇന്നു രാവിലെ നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിലെ മോർച്ചറിയിൽ എത്തി പിതാവ് മകളെ കണ്ടു. ഇതിനുശേഷമാണു പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചത്. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ലഭ്യമാകുന്ന അടുത്ത വിമാനത്തിൽ തന്നെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നാഗ്പൂരിലുള്ള കേരളീയ സമാജം പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *