കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയവെ വി.ഐ.പി. പരിഗണന ലഭിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, 15 ദിവസത്തേക്ക് ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനിനനെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടെന്ന് തീരുമാനം. മന്ത്രിക്ക് സെല്ലില്‍ അനുവദിച്ചിരുന്ന കസേരയും മേശയും ഉള്‍പ്പെടെയുള്ള ‘സൗകര്യങ്ങള്‍’ എടുത്തുമാറ്റുകയും ചെയ്തു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന നിയമിച്ച സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
അന്ന് ജയില്‍ ചുമതലയുണ്ടായിരുന്ന സന്ദീപ് ഗോയലാണ് സത്യേന്ദര്‍ ജെയിനിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂട്ടുനിന്നതെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തി. ഇയാള്‍ക്കെതിരെ നടപടിക്കും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പും ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടിയെ വെട്ടിലാക്കിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മന്ത്രിക്ക് ലഭിച്ചുകൊണ്ടിരുന്നത് ഫിസിയോതറാപ്പിയാണെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം.