അതിശൈത്യം: ഡല്‍ഹിയില്‍ താപനില താഴ്ന്നു, ബിഹാറിൽ സ്കൂളുകൾക്ക് അവധി

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കശ്മീരില്‍ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറിലെത്തി. ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. കടുത്ത ശൈത്യം തുടരുന്ന ബിഹാറിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പട്നയിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഡിസംബർ 26 മുതൽ 31 വരെയാണ് അവധി പ്രഖ്യാപിച്ചത്. 

സർക്കാര്‍, സ്വകാര്യ സ്കൂളുകളെല്ലാം അടച്ചിടാൻ നിർദേശമുണ്ട്.  ശീതതരംഗം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് പട്‌ന ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. 

അടുത്ത നാലു ദിവസത്തേക്ക് ഹിമാചൽ പ്രദേശ്, ഡല്‍ഹി, ബിഹാർ, ബംഗാൾ, സിക്കിം, ഒഡിഷ, അസം, ത്രിപുര സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞിനു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ചണ്ഡിഗഡ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രണ്ടു മുതൽ അഞ്ചു ഡിഗ്രി വരെയാണ് താപനില റിപ്പോർട്ട് ചെയ്തത്. ഈ സംസ്ഥാനങ്ങളിലെല്ലാം ശൈത്യ തരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വാഹനാപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *