ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, ക്രിമനൽ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

……………………………………….

കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 721 പോയിൻറ് ഉയർന്ന് 60,566ൽ വ്യാപാരം ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 207 പോയിൻറ് ഉയർന്ന് 18,014 ലാണ് വ്യാപാരം ക്ലോസ് ചെയ്തത്.

……………………………………….

കേരളത്തിൽ ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ നേരിയ കുറവ്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്. അതേസമയം, 22, 23, 24 എന്നീ ദിദിവസങ്ങൾ മൊത്തത്തിൽ നോക്കുമ്പോൾ മദ്യവിൽപ്പന ഈ വർഷം കൂടി.

……………………………………….

സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാൻ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന സാധ്യമാകാതെയാണ് ഈ വർഷവും അവസാനിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധർ. ഉദ്യോഗസ്ഥ തർക്കത്തിലാണ് ഏറ്റവും ഒടുവിൽ പുനസംഘടന ഫയലിൽ കുരുങ്ങുന്നത്. കഴിഞ്ഞ വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഈ നവംബറിൽ നികുതി സമാഹരണത്തിൽ കേരളം കൂപ്പുകുത്തി.

……………………………………….

ട്രാവൽ ഓപ്പറേറ്റർ കമ്പനികളിലൊന്നായ എംജിഎസ് രാജ്യത്താദ്യമായി ഗ്രീൻ ടാക്സികളുടെ സേവനമാരംഭിച്ചു. ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റാ എക്സ്പ്രസ്-ടി എന്ന മോഡലിന്റെ പത്തു ഇലക്ട്രിക് കാറുകളാണ് പുതുതായി എത്തിയത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി ആദ്യസവാരി നടത്തി ഗ്രീൻ ടാക്സി ഉദ്ഘാടനം ചെയ്തു.

……………………………………….

ഇന്ത്യൻ പ്രതിരോധ മന്ത്രാലയം 84,328 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങുന്നു. അതിൽ 82,127 കോടി രൂപക്ക് ആഭ്യന്തര കമ്പനികളിൽ നിന്നാണ് വാങ്ങുന്നത്. സായുധ സേനയുടെ നവീകരണത്തിന് വേണ്ടിയാണ് ഇത്രയും വലിയ മൂലധന ചെലവ് അംഗീകരിച്ചത്. കര സേന, വായു സേന, നാവിക സേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർക്ക് വേണ്ടിയാണ് പണം ചെലവാക്കുന്നത്.

……………………………………….

ഹത്തയിൽ നിർമിക്കുന്ന ഹൈഡ്രോ ഇലക്ട്രിക്ക് പവർ പ്ലാന്റിന്റെ നിർമ്മാണം പകുതിയിലധികം പൂർത്തിയായതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോരിറ്റി അറിയിച്ചു. 1.42 ബില്യൺ ചിലവിൽ നിർമ്മിക്കുന്ന വൈദ്യുത നിലയത്തിന് 250 മെഗാവാട്ട് ഉൽപ്പാദന ശേഷിയും 1,500 മെഗാവാട്ട് സംഭരണ ​​ശേഷിയും 80 വർഷം വരെ ആയുസ്സും ഉണ്ടായിരിക്കും. ജിസിസിയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റേഷനാണിത്. 2024 അവസാനത്തോട് കൂടി പദ്ധതി പൂർത്തിയാകും. സാമൂഹിക, വികസന, സാമ്പത്തിക, പാരിസ്ഥിതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഹത്തയിലെ സ്വദേശികൾക്ക് നൂതനമായ തൊഴിലവസരങ്ങൾ ലഭിക്കാനുള്ള അവസരം കൂടിയാണിത്.

……………………………………..

Leave a Reply

Your email address will not be published. Required fields are marked *