ഡി.ആര്‍ അനില്‍ രാജിക്ക്; തിരുവനന്തപുരം കോർപറേഷനിലെ സമരം ഒത്തുതീർന്നു

തിരുവനന്തപുരം കോർപറേഷനിലെ സമരം ഒത്തുതീർപ്പായി. ഡി.ആർ.അനിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൊതുസ്ഥാനത്ത് നിന്നൊഴിയും. യോഗത്തിൽ രണ്ട് കാര്യങ്ങളിൽ തീരുമാനമായെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഒന്ന് മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യമാണ്.

നിലവിൽ രണ്ട് കേസുകളുണ്ട്. ഒരു കേസിൽ വിധി വന്നു. രണ്ടാമത്തെ കേസ് കോടതിയുടെ തീർപ്പിന് വിടുകയാണ്. അതുസബംന്ധിച്ച് ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. രണ്ടാമത്തേത് കത്തെഴുതിയത് താൻ ആണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ സ്ഥിരീകരിച്ചിരുന്നു. ആ സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കാൻ ധാരണയായെന്നും മന്ത്രി പറഞ്ഞു. 

നഗരസഭയ്ക്കു മുന്നിലെ സമരം അവസാനിപ്പിക്കുകയാണെന്ന് ബിജെപി അറിയിച്ചു. കോൺഗ്രസും സമരം പിൻവലിക്കുന്നതായി അറിയിച്ചു. അതേസമയം, കത്ത് വിവാദത്തിൽ മേയറുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.കത്തിനെ ആരും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനായാണ് ഡി.ആർ.അനിൽ കത്തു നൽകിയത്. കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ചതോടെ കത്ത് എഴുതിയതായും പിന്നീട് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചതായും അനിൽ മൊഴി നൽകി. മേയർ‌ എഴുതിയതായി പറയപ്പെടുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും നിലപാടെടുത്തു. മേയർ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്തുവന്നതോടെ ബിജെപിയും കോൺഗ്രസും കോർപറേഷനു മുന്നിൽ സമരം തുടങ്ങി. രണ്ടുമാസമായി തുടരുന്ന സമരത്തിൽ സേവന പ്രവർത്തനങ്ങൾ തടസപ്പെട്ടതോടെയാണ് സർക്കാർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *