ജപ്പാൻ വാസ്തുശില്പി അരാറ്റ ഇസോസാകി അന്തരിച്ചു

ലോകപ്രശസ്ത ജപ്പാന്‍ വാസ്തുശില്പിയും ‘ആര്‍കിടെക്ട് നൊബേല്‍’ എന്നറിയപ്പെടുന്ന പ്രിറ്റ്സ്‌കര്‍ പുരസ്‌കാരജേതാവുമായ അരാറ്റ ഇസോസാകി(91) അന്തരിച്ചു. തെക്കന്‍ ദ്വീപായ ഒകിനാവയിലെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.

ഉത്തരാധുനിക വാസ്തുകലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ നിര്‍മിതികള്‍ സംസ്‌കാരങ്ങളുടെയും ചരിത്രത്തിന്റെയും സമന്വയമായിരുന്നു. പ്രശസ്ത ആര്‍ക്കിടെക്ടായിരുന്ന കെന്‍സോ ടാങ്കെയുടെ കീഴില്‍ 1987-ലാണ് ഇസോസാകി തന്റെ ശില്പകലാജീവിതം തുടങ്ങുന്നത്.

ജന്മനാടായ ഒയിറ്റയില്‍ സ്ഥാപിച്ച പൊതുലൈബ്രറിയാണ് അദ്ദേഹത്തിന്റെ ആദ്യകാലനിര്‍മിതികളിലൊന്ന്. ദേശത്തിന്റെ അതിര്‍വരമ്പുകള്‍ മറികടന്ന് വിദേശത്ത് കെട്ടിടങ്ങള്‍ നിര്‍മിച്ച ജപ്പാന്‍ വാസ്തുശില്പികളില്‍ മുന്‍ഗാമിയാണ് അദ്ദേഹം. ലോസ് ആഞ്ജലിസിലെ മ്യൂസിയം ഓഫ് കണ്ടെംപററി ആര്‍ട്ട്, 1992-ല്‍ ബാഴ്സലോണ ഒളിമ്പിക്സിനായി നിര്‍മിച്ച പലൗ സാന്‍ഡ് ജോര്‍ഡി സ്റ്റേഡിയം, വാള്‍ട്ട് ഡിസ്നിയുടെ ഫ്ളോറിഡയിലെ ആസ്ഥാനത്തുള്ള കെട്ടിടം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനനിര്‍മിതികളാണ്.

1931-ല്‍ ജപ്പാനിലെ ഒയിറ്റയില്‍ ജനിച്ച അദ്ദേഹത്തെ ഹിരോഷിമ-നാഗസാക്കി അണുബോംബ് വര്‍ഷത്തില്‍ തകര്‍ന്നുതരിപ്പണമായ ജപ്പാന്റെ അവസ്ഥ ഏറെ പ്രയാസപ്പെടുത്തി. അതാണ് കെട്ടിടങ്ങളുടെ നിര്‍മിതിയെയും പുനര്‍നിര്‍മിതിയെയുംകുറിച്ച് കൂടുതല്‍ പഠിക്കാനും പരീക്ഷണങ്ങള്‍ നടത്താനും പ്രേരണനല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *