ഷീസാൻ ആസ്ത്മ രോഗി; ജയിലിൽ വീട്ടുഭക്ഷണം അനുവദിച്ച് കോടതി

ടെലിവിഷൻ താരം തുനിഷ ശർമയുടെ മരണത്തിൽ അറസ്റ്റിലായ മുൻകാമുകനും സഹതാരവുമായ ഷീസാൻ ഖാന് ജയിലിൽ വീട്ടിൽനിന്നുള്ള ഭക്ഷണം എത്തിക്കാൻ കോടതിയുടെ അനുമതി. ഷീസാന് കടുത്ത ആസ്ത്മയുണ്ടെന്നും ദിവസവും ഇൻഹേലർ ഉപയോഗിക്കണമെന്നും ഷീസാന്റെ അഭിഭാഷൻ കോടതിയിൽ വാദിച്ചു. 

കുടുംബത്തിലെ പ്രായപൂർത്തിയായ ഏക പുരുഷനെന്നതിനാൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിന് കുടുംബത്തെയും അഭിഭാഷകരെയും കാണേണ്ടതുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഇതിനെ തുടർന്ന് മരുന്നുകളും കുടുംബാംഗങ്ങളെ കാണാനും കോടതി അനുമതി നൽകുകയായിരുന്നു.  ഷീസാനെ 14 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ ഉള്ളപ്പോൾ തന്റെ മുടി വെട്ടരുതെന്ന പ്രതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു.

ഡിസംബർ 24ന് വൈകുന്നേരം ‘അലി ബാബ: ദസ്താൻ-ഇ-കാബൂൾ’ എന്ന സീരിയൽ സെറ്റിൽവച്ചാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഷീസാനുമായുള്ള ബന്ധം അവസാനിച്ചിരുന്നു. എന്നാൽ  ഇരുവരും സീരിയലിൽ ഒരുമിച്ചുള്ള അഭിനയം തുടരുകയായിരുന്നു. തുനിഷയുടെ അമ്മ നൽകിയ പരാതിയിലാണ് ഡിസംബർ 25ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഷീസാനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *