അഗോഡയിലെ കാഴ്ചകൾ

ഗോവ എല്ലാവരുടെയും മനം മയക്കുന്ന സുന്ദരി. ഇന്ത്യയിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് ഗോവയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വിദേശഭരണകാലത്തെ നിർമിതികൾ മുതൽ ആധുനികവത്ക്കരിച്ച ബീച്ചുകൾ വരെ ഗോവയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. ഗോവയിലെത്തിയാൽ ഒരിക്കലും കാണാൻ വിട്ടുപോകരുത് അഗോഡ കോട്ട. ആരെയും അതിശയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന നിർമിതയാണ് അഗോഡ കോട്ട. ഇന്ത്യയിലെ മനോഹരമായ പൈതൃക നിർമിതികളിലൊന്നാണ് അഗോഡയിലെ കോട്ട. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് കോട്ടയുടെ സംരക്ഷണം.

1612ലാണ് അഗോഡ കോട്ട നിർമിക്കുന്നത്. ഡച്ചുകാരിൽ നിന്നുള്ള ആക്രമണങ്ങൾ ചെറുക്കാനാണ് പോർട്ടുഗീസുകാർ ഇവിടെ കോട്ട പണിതുയർത്തിയത്. കണ്ടോലിം ബീച്ചിന് തെക്കുഭാഗത്തായി മണ്ഡോവി നദിയുടെ തീരത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കകത്തുള്ള നീരുറവയിൽ നിന്നാണ് അതിന് അഗോഡ എന്നു പേരു വരാൻ കാരണം. അഗോഡ എന്നാൽ പോർട്ടുഗീസ് ഭാഷയിൽ ജലമുള്ളത് എന്നാണർഥം. കോട്ടയ്ക്കകത്ത് 1864ൽ സ്ഥാപിച്ച ലൈറ്റ് ഹൗസ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ലൈറ്റ് ഹൗസുകളിൽ ഒന്നാണ്. അക്കാലത്തു ചരക്കുനീക്കങ്ങളുമായി ബന്ധപ്പെട്ട യുറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന കപ്പലുകൾ കോട്ടയുമായി ഇടപാടുകൾ നടത്തിയിരുന്നു. കോട്ടയിൽ നിന്നാണ് കപ്പലിലേക്ക് ശുദ്ധജലം ശേഖരിച്ചിരുന്നത്. 

കോട്ടയെ രണ്ടുഭാഗങ്ങളായി തിരിച്ചിരുന്നു. മുകൾത്തട്ട് കപ്പലുകൾക്ക് വെള്ളം നിറയ്ക്കാനുള്ള ഭാഗമായി മാറ്റി. കോട്ടയുടെ താഴ്ത്തട്ട് പോർട്ടുഗീസ് കപ്പലുകൾക്ക് സുരക്ഷിതമാക്കി വയ്ക്കാനുള്ള ഭാഗമായിരുന്നു. അടിയന്തരസാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള മാർഗങ്ങളും കോട്ടയിലുണ്ട്. പോർട്ടുഗീസിലെ സലസാർ ഭരണകാലത്ത് കോട്ടയെ ജയിലാക്കി മാറ്റി. സലസാറുടെ രാഷ്ട്രീയ എതിരാളികളെ ഇവിടെയെത്തിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അഗോഡയുടെ ഒരു ഭാഗം സെൻട്രൽ ജയിലായും പ്രവർത്തിക്കുന്നു. 2015വരെ ഗോവയിലെ ഏറ്റവും വലിയ ജയിലായിരുന്നു അഗോഡ. 

കണ്ടോലിം ബീച്ചും കോട്ടയും ലൈറ്റ് ഹൗസും കാണാൻ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നു. എത്നിക് വസ്ത്രങ്ങളും മറ്റും ലഭിക്കുന്ന തിരക്കേറിയ മാർക്കറ്റും അഗോഡയിലുണ്ട്. ഗോവയിൽ നിന്നു വളരെയെളുപ്പം കോട്ടയിലും ബീച്ചിലുമെത്താം. എയർപോട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും അഗോഡ കോട്ടയിലെത്താൻ ടാക്സികൾ ലഭിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *