കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചു, നിയന്ത്രണംവിട്ട് 22-കാരി ലോറിയിടിച്ച് മരിച്ചു

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ 22-കാരി ലോറിയിടിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനിയറായ ശോഭനയാണ് മരിച്ചത്. അപകടത്തില്‍ ശോഭനയുടെ സഹോദരന്‍ ഹരീഷിന് പരിക്കേറ്റു.

ചെന്നൈയിലെ മധുരവോയലില്‍ ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. ശോഭന സഹോദരന്‍ ഹരീഷിനെ നീറ്റ് കോച്ചിങ് സെന്ററിലേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ കുഴി ഒഴിവാക്കി സ്‌കൂട്ടര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന ലോറി ശോഭനയുടെ ദേഹത്തുകൂടി കയറിയിറങ്ങി. തത്ക്ഷണം ശോഭനയുടെ മരണം സംഭവിച്ചതായി പൂനമാലി പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ശോഭനയുടെ സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

അപകടം ഉണ്ടായ ഉടന്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു. റോഡിന്റെ ശോച്യാവസ്ഥയാണ് ശോഭനയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് ആരോപിച്ച് യുവതി ജോലിചെയ്യുന്ന കമ്പനിയുടെ സിഇഒ ശ്രീധര്‍ വെമ്പു ട്വീറ്റ് ചെയ്തതോടെ നഗരസഭാ അധികൃതരെ പഴിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതിനിടെ അപകടം നടന്ന സ്ഥലത്തെ കുഴികള്‍ നഗരസഭാ അധികൃതരെത്തി അടയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *