ബസുകളില്‍ പതിക്കുന്ന ചലച്ചിത്ര താരങ്ങളുടെ പോസ്റ്ററുകള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കില്ലേയെന്ന് സുപ്രീം കോടതി. അമിത പ്രകാശമുള്ള ലൈറ്റുകളും, ബസുകളിലെ കണ്ണാടികളില്‍ പരസ്യങ്ങള്‍ പതിക്കുന്നതും അതീവ ഗൗരവമേറിയ വിഷയം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. സ്കീമില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവില്‍ നിന്ന് സംരക്ഷണം നല്‍കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്.ടി.സി. നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കെഎസ്ആര്‍ടിസി ഏത് തരത്തിലുള്ള പരസ്യങ്ങളാണ് പതിക്കുന്നത് എന്ന് ആരാഞ്ഞ കോടതി, ചലച്ചിത്ര താരങ്ങളുടെയും മറ്റും ചിത്രങ്ങള്‍ ശ്രദ്ധ വ്യതിചലിപ്പിക്കലിന് കാരണമാ
മാകില്ലേയെന്ന് ആരാഞ്ഞു. തലയില്‍ തേക്കുന്ന എണ്ണ ഉള്‍പ്പെടെയുള്ള വാണിജ്യ പരസ്യങ്ങള്‍ ആണ് സാധാരണ ബസുകളുടെ വശങ്ങളില് പതിപ്പിക്കാറെന്ന് കെഎസ്ആര്‍ടിസിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി. ഗിരി കോടതിയില്‍ ചൂണ്ടിക്കാട്ടി.
മുപ്പത്ത് വര്‍ഷത്തോളമായി ഇത്തരം പരസ്യങ്ങള്‍ നല്‍കാറുണ്ട്. ഒമ്പതിനായിരം കോടി രൂപയുടെ കടമുള്ള കെ.എസ്.ആര്.ടി.സി.ക്ക് ഈ പരസ്യവരുമാനം ആശ്വാസകരം ആണെന്നും വി. ഗിരി ചൂണ്ടിക്കാട്ടി. പരസ്യം പതിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും നിയന്ത്രണം കൊണ്ട് വരുകയാണെങ്കില്‍ അത് സര്‍ക്കാരാണ് തയ്യാറേക്കേണ്ടത്. ഇക്കാര്യത്തില്‍ കോടതിക്ക് സര്‍ക്കാരിന് നിര്‍ദേശം നല്കാവുന്നതേയുള്ളു എന്നും ഗിരി വാദിച്ചു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ ഇല്ലാതെ സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ക്ക് എതിരെയാണ് നടപടി എടുക്കേണ്ടത് എന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പതിക്കുന്ന പരസ്യം സംബന്ധിച്ച സ്കീം കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. തിങ്കളാഴ്ച സ്കീം പരിഗണിക്കുമെന്നും ജസ്റ്റിസ് മാരായ സൂര്യ കാന്ത്, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്ക് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ദീപക് പ്രകാശും ഹാജരായി.