സേഫ് ആൻറ് സ്‌ട്രോങ്ങ് തട്ടിപ്പ്: കമ്പനി ഉടമ പ്രവീൺ റാണയ്‌ക്കെതിരെ 18 കേസുകൾ

തൃശ്ശൂരിലെ സേഫ് ആൻറ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്ക്ക് എതിരെ കൂടുതൽ കേസുകളെടുത്ത് പൊലീസ്. 18 കേസുകളാണ് തൃശ്ശൂർ പൊലീസ് എടുത്തത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 48% വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയേക്കും.

പീച്ചി സ്വദേശിനി ഹണി തോമസിൻറെ പരാതിയിലാണ് പ്രവീൺ റാണയ്ക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂർ ആദം ബസാറിൽ പ്രവർത്തിക്കുന്ന സേഫ് ആൻറ് സ്‌ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിൽ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്‌റ്റൈപൻറ്, കാലാവധി പൂർത്തിയായാൽ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്‌റ്റൈപൻറ് കൈപ്പറ്റിയില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാവുമ്പോൾ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നൽകാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *