സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ 

ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ ഫ്‌ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശങ്കർ മിശ്ര(34) ആണ് അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിലായ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ സഹോദരിയുടെ വീട് ബെംഗളുരുവിലാണ്. നേരത്തെ ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസിന് ഇയാൾ ബെംഗളൂരുവിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കർ മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടർന്ന് പൊലീസ് ബെംഗളൂരുവിൽ ഒരു സംഘത്തെ നിയോഗിച്ചിരുന്നു. ശങ്കർ മിശ്ര ഫോൺ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതും ഇയാളെ പിടികൂടാൻ പൊലീസിന് സഹായകരമായി. 

മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ വെൽസ് ഫാർഗോ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. നവംബർ 26 ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസിൽ പരാതിപ്പെടരുതെന്നും ഇയാൾ സ്ത്രീയോട് അപേക്ഷിച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെ സംഭവം പുറത്തറിഞ്ഞു. ഏറെ വൈകി, ഈ ആഴ്ച മാത്രമാണ് എയർ ഇന്ത്യ പൊലീസിൽ പരാതി നൽകിയത്. 

Leave a Reply

Your email address will not be published. Required fields are marked *