‘പതിനേഴാം വയസ്സിൽ ഒരുസ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചു’; വെളിപ്പെടുത്തി ഹാരി രാജകുമാരൻ

പതിനേഴാം വയസ്സിൽ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ബ്രിട്ടനിലെ ഹാരി രാജകുമാരൻ. തന്റെ ആത്മകഥയിലാണ് ഹാരി ദുരനുഭവം വെളിപ്പെടുത്തിയത്. 17ാം വയസ്സിൽ ഒരു സ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചെന്ന് ഹാരി വ്യക്തമാക്കി. പബ്ബിന് പിന്നിലെ വയലിൽ വെച്ചാണ് തന്നേക്കാൾ പ്രായമുള്ള സ്ത്രീ തന്നെ ലൈം​ഗികമായി ഉപയോ​ഗിച്ചത്. അന്ന് താൻ മയക്കുമരുന്ന് ഉപയോ​ഗിച്ചതായും ഹാരി വെളിപ്പെടുത്തി. അതേസമയം, ആത്മകഥ വിവാദമായതോടെ സ്പാനിഷ് പതിപ്പ് പിന്‍വലിച്ചു. ഈ മാസം 10നാണ് ആത്മകഥ പുറത്തിറക്കാനിരുന്നതെങ്കിലും സ്പാനിഷ് പതിപ്പ് നേരത്തെ പുറത്തിറങ്ങുകയായിരുന്നു. മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ആത്മകഥയിലെ വിവാദഭാ​ഗങ്ങൾ പുറത്തായി. ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അതേസമയം, ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ താലിബാൻ രംഗത്തെത്തി. ഹാരി കൊന്നു തള്ളിയവർ ചതുരംഗത്തിലെ കരുക്കൾ അല്ലെന്നും ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യർ ആയിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. ചാൾസ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകൻ ഹാരി, 42ാം വയസിൽ ‘സ്പെയർ’ എന്ന പുസ്തകത്തിലൂടെ ഉയർത്തിവിട്ടിരിക്കുന്നത് ബ്രിട്ടനിൽ ഒതുങ്ങാത്ത വിവാദ കൊടുങ്കാറ്റാണ്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 25 താലിബാൻകാരെ താൻ കൊലപ്പെടുത്തി എന്നാണ് ഹാരിയുടെ അവകാശവാദം. ഈ പരാമർശം ഹാരിയുടെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഹാരിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് താലിബാൻ നേതാവ് അനസ് ഹഖാനി പ്രതികരിച്ചത്. ഹാരി, നിങ്ങൾ കൊന്നുതള്ളിയത് ചെസ് കളത്തിലെ കരുക്കളെയല്ല, പച്ച മനുഷ്യരെ ആയിരുന്നുവെന്ന് താലിബാൻ നേതാവ് ട്വീറ്റ് ചെയ്തു. രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന പ്രസ്താവനയാണ് ഹാരിയുടേതെന്ന അഭിപ്രായം ചില മുൻ സൈനിക ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അന്തപുരത്തിലെ ലജ്ജിപ്പിക്കുന്ന തമ്മിലടികളുടെ കഥകൾ നിറഞ്ഞ പുസ്തകം മറ്റന്നാൾ ആണ് വിപണിയിലെത്തുന്നത്. ഇതിനകം പുറത്തുവന്ന ഭാഗങ്ങളിൽ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ആണ്. ഹാരിയുടെ ഭാര്യ മേഗനെ ചൊല്ലി ഒരിക്കൽ വില്യമും ഹാരിയും കയ്യാങ്കളിയിലെത്തി. വില്യം തന്നെ കഴുത്തിന് പിടിച്ചു തള്ളി നിലത്തിട്ടുവെന്നും തനിക്ക് പരിക്കേറ്റെന്നും ഹാരി പുസ്തകത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *