കുട്ടികളുടെ ജനനം ഏറെ സന്തോഷം പകരുന്ന ഒന്നാണ്. ഇരട്ടക്കുട്ടികളാണെങ്കില്‍ ആഹ്ളാദം ഇരട്ടിയാകും. എന്നാല്‍ ടെക്സാസിലെ കേലി ജോയുടേയും ഭര്‍ത്താവ് ക്ലിഫിന്റേയും ഇരട്ടക്കുട്ടികളുടെ ജനനം സന്തോഷത്തോടൊപ്പം അത്യധികം കൗതുകകരവുമായി. രണ്ട് വ്യത്യസ്തദിനങ്ങളില്‍ വ്യത്യസ്ത വര്‍ഷങ്ങളിലാണ് ദമ്പതിമാരുടെ ഇരട്ടക്കുഞ്ഞുങ്ങളായ ആനി ജോയുടേയും എഫി റോസിന്റേയും പിറവി എന്നതാണ് കൗതുകമുണര്‍ത്തുന്നത്.
2022 ഡിസംബര്‍ 31 ന് രാത്രി 11.55 നാണ് ആനിയുടെ ജനനം. ആറ് മിനിറ്റിന് ശേഷം, അതായത് 2023 ജനുവരി ഒന്നിന് 12.01 നാണ് എഫി ജനിച്ചതെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞുങ്ങളിരുവരും പുതുവര്‍ഷത്തിലാണ് ജനിച്ചതെന്നാണ് കേലിയും ക്ലിഫും ആദ്യം ധരിച്ചത്. പിന്നീടാണ് ഇരുവരും വ്യത്യസ്തവര്ഷങ്ങളിലാണ് പിറന്നതെന്ന കാര്യം തിരിച്ചറിയുന്നത്.
ജനുവരി 11 നായിരുന്നു കേലിയുടെ പ്രസവശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നത്. പക്ഷെ ഡിസംബര്‍ 29 ന് നടത്തിയ പരിശോധനയില്‍ കേലിയുടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 31 ന് രാത്രിയോടെയാണ് കേലിയുടെ സിസേറിയന് ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നത്. അതാകട്ടെ ഇരട്ടക്കുട്ടികള്‍ക്കൊപ്പം ഇരട്ടി സന്തോഷത്തിനും വഴിയൊരുക്കി.
ഈ സന്തോഷവാര്‍ത്ത കേലി ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ക്ലിഫിന്റേയും കുഞ്ഞുങ്ങളുടേയും ഫോട്ടോകള്‍ക്കൊപ്പം കേലി ഇങ്ങനെ കുറിച്ചു, “ആനി ജോയേയും എഫി റോസ് സ്കോട്ടിനേയും നിങ്ങളെ പരിചയപ്പെടുത്തുന്നതില്‍ എനിക്കും ക്ലിഫിനും ഏറെ അഭിമാനമുണ്ട്. 2022ല്‍ ജനിച്ച അവസാനത്തെ കുഞ്ഞാണ് ആനി, എഫിയാകട്ടെ 2023 ല്‍ ജനിച്ച ആദ്യത്തെ കുഞ്ഞും. രണ്ട് കുഞ്ഞുങ്ങളും പൂര്‍ണആരോഗ്യത്തോടെ സുഖമായിരിക്കുന്നു. 2.5 കിലോ വീതം ഇരുവര്‍ക്കും തൂക്കമുണ്ട്. ഈ ആകസ്മികസംഭവത്തില് ഞാനും ക്ലിഫും വളരെയേറെ സന്തുഷ്ടരാണ്”. കുഞ്ഞുങ്ങളുടെ പിറന്നാളാഘോഷം എത്തരത്തിലാവണം എന്ന ആലോചനയിലാണ് കേലിയും ക്ലിഫും ഇപ്പോള്‍.