ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 പൊലീസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിട്ട് ശുദ്ധീകരണ നടപടികളിലേക്ക് കടക്കാൻ തീരുമാനം. നാലു പൊലീസുകാരെ കൂടി രണ്ടു മാസത്തിനുള്ളിൽ പിരിച്ചു വിടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ ഒരു വർഷത്തിനുള്ളിൽ പിരിച്ചു വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിരിച്ചു വിട്ടതിനെതിരെ ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥർക്കും ഡിജിപിക്കും സർക്കാരിനും അപ്പീൽ നല്‍കാനാകും.
ആലപ്പുഴയിലും തിരുവനന്തപുരം റൂറൽ ജില്ലയിലുമാണ് കുറ്റകൃത്യങ്ങളിൽ പങ്കാളിയായ പൊലീസുകാർ കൂടുതലുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ പി.ആർ.സുനുവിനെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. 2016 മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ 828 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീധനപീഡനം, സാമ്പത്തിക തട്ടിപ്പ്, ക്വാറി മാഫിയ ബന്ധം തുടങ്ങിയ കേസുകളാണ് ഇവർക്കെതിരെയുള്ളത്. ചിലരെ ശിക്ഷിച്ചു. ചില കേസുകൾ വിചാരണയുടെ ഘട്ടത്തിലാണ്.
കേരള പൊലീസ് ഡിപ്പാർട്ട്മെന്റ് എൻക്വയറി റൂളിൽ ഭേദഗതി വരുത്തിയതോടെ കോടതി ഉത്തരവിനു കാക്കാതെ ഉദ്യോഗസ്ഥരെ പിരിച്ചു വിടാനാകും. എന്നാൽ കോടതി വിധി അനുകൂലമാണെങ്കിൽ പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കേണ്ടിവരും. 2017 മുതൽ ഇതുവരെ 12 പൊലീസ് ഉദ്യോഗസ്ഥരെയാണ് സർവീസിൽനിന്ന് നീക്കം ചെയ്തത്. 55,000 അംഗങ്ങളുള്ള പൊലീസ് സേനയില്‍ ക്രിമിനലുകൾ 1.56 ശതമാനമാണ്. ഇവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ശക്തമാക്കാനാണ് ഡിജിപിയുടെ നിർദേശം.